കണ്ണൂർ: (https://truevisionnews.com/) ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രൂക്ഷമായ പരിഹാസവും വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. റെയിൽവേസ്റ്റേഷനിൽ ആക്രമണം നടത്തിയത് മന്ത്രി വീണാ ജോർജാണ് .
മന്ത്രിയെ പരിയാരത്തേക്ക് മാറ്റിയത് തിരക്കഥയുടെ ഭാഗമാണ്. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു. 'ഇതുവരെ കണ്ട ദൃശ്യങ്ങളനുസരിച്ച് കെഎസ്‍യു പ്രവർത്തകർ മന്ത്രിയുടെ പരിസരത്ത് പോലും എത്തിയിട്ടില്ല. മന്ത്രിയാണ് അവരെ തല്ലാൻ പോയത്.
ജില്ലാ ആശുപത്രിയിൽ നിന്ന് മാറ്റിയത് തിരക്കഥയുടെ ഭാഗം. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് ചിരിച്ച് വര്‍ത്തമാനം പറഞ്ഞുപോയ മന്ത്രിക്ക് മൂന്നാമതെത്തിയപ്പോൾ പെട്ടന്ന് എങ്ങനെയാണ് കഴുത്ത് ഉളുക്കിയത്. ഷംസീറിനെ കാണുന്നത് വരെ മന്ത്രിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. സ്പീക്കർ മുഖ്യമന്ത്രിയെ വിളിച്ചപ്പോഴാണ് പെട്ടന്ന് കഴുത്ത് വേദനവന്ന് മന്ത്രിക്ക് അവശത ഉണ്ടാകുന്നത്'. മുരളീധരന്‍ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദം പുതിയ തലത്തിലേക്ക്. മന്ത്രിയെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരെ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സ്പീക്കറുടെ ഫോൺ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
മന്ത്രിയെ ആക്രമിച്ചെന്ന് കാട്ടി സിപിഎം പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്ന് കെ.എസ്.യു ആരോപിക്കുന്നു. ദൃശ്യങ്ങളിൽ മന്ത്രിയുടെ വലതുഭാഗത്തുള്ളത് കെ.എസ്.യു പ്രവർത്തകനല്ലെന്നും മന്ത്രിയുടെ ഗൺമാനാണെന്നും കെ എസ് യു ആരോപിക്കുന്നു.
തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടുപോലുമില്ല. കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഗൺമാൻ നിൽക്കുന്ന ദൃശ്യങ്ങൾ കാട്ടി പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു. അക്രമം നടക്കാത്ത സംഭവത്തിൽ അക്രമം നടന്നുവെന്ന് വരുത്തിത്തീർക്കാൻ സ്പീക്കർ ഇടപെട്ടു എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.
KMuraleedharan criticizes attack on Health Minister VeenaGeorge




























