---
title: "'പ്രേമലു' ഹിന്ദി റീമേക്ക്; ഡിഗ്രി കഴിഞ്ഞ പയ്യനായി 32-കാരൻ! വീർ പഹാരിയയുടെ കാസ്റ്റിംഗിനെതിരെ ട്രോൾ പൂരം"
english_title: "'Premalu' Hindi remake; 32-year-old plays a graduate! Trolls against Veer Pahariya's casting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344199/premalu-hindi-remake-32-year-old-plays-a-graduate-trolls-against-veer-pahariyas-casting"
published_at: "2026-02-25T16:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ed3aaaee45_Premalu_Hindi_remake;_32-year-old_plays_a_graduate_Trolls_against_Veer_Pahariyas_casting.jpg"
keywords: []
---

# 'പ്രേമലു' ഹിന്ദി റീമേക്ക്; ഡിഗ്രി കഴിഞ്ഞ പയ്യനായി 32-കാരൻ! വീർ പഹാരിയയുടെ കാസ്റ്റിംഗിനെതിരെ ട്രോൾ പൂരം

> **Lead Summary:** മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നായ 'പ്രേമലു' വീണ്ടും ചർച്ചകളിൽ നിറയുന്നു. നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധവും ട്രോളുകളുമാണ് ഉയരുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതോടെ 'എയറിലായി'രിക്കുകയാണ്.

## Article Content

മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നായ 'പ്രേമലു' വീണ്ടും ചർച്ചകളിൽ നിറയുന്നു. നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധവും ട്രോളുകളുമാണ് ഉയരുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതോടെ 'എയറിലായി'രിക്കുകയാണ്.

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം അതിന്റെ സ്വാഭാവികമായ തമാശകൾ കൊണ്ടാണ് വലിയ വിജയം നേടിയത്. തെലുങ്ക് പതിപ്പിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ബോളിവുഡിലേക്ക് എത്തുമ്പോൾ സിനിമയുടെ തനിമ നഷ്ടപ്പെടുമെന്നും പല ബോളിവുഡ് റീമേക്കുകളും പരാജയപ്പെട്ട ചരിത്രമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആരാധകർ രംഗത്തെത്തുന്നത്. സച്ചിൻ - റീനു കോംബോയെ ബോളിവുഡ് എങ്ങനെ അവതരിപ്പിക്കുമെന്ന ആശങ്കയിലാണ് സിനിമാ പ്രേമികൾ.

ഡി​ഗ്രി കഴിഞ്ഞ് നിൽക്കുന്ന യുവാവ് ആയി ഹിന്ദിയിൽ അഭിനയിക്കാൻ എത്തുന്നത് യുവനടന്‍ വീര്‍ പഹാരിയയാണ്. ഇദ്ദേഹത്തിന്റെ പ്രായമാണ് ഏവരെയും ചൊടിപ്പിച്ചിരിക്കുന്നത്. ​ഡി​ഗ്രി ജസ്റ്റ് പാസ്സായ പയ്യനായി 32 വയസുള്ള വീറിനെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ. അമൽ ഡേവിസായി വരുൺ ധവാനെ കാസ്റ്റ് ചെയ്യൂ എന്ന പരിഹാസ രൂപേണയുള്ള കമന്റ് ഇടുന്നവരും ഏറെയുണ്ട്.

ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ നദിയദ്‌വാലാ ഗ്രാന്‍ഡ്‌സണ്‍സ് എന്റര്‍ടൈന്മെന്റ്‌സാണ് ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കള്‍. മാര്‍ച്ച് ആദ്യവാരം ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതുമുഖം ആഫിയ സൈദാണ് ചിത്രത്തിലെ നായിക. നിര്‍മാതാവ് സജിദ് നദിയദ്‌വാലയുടെ അനന്തരവളാണ് ആഫിയ. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വാര്‍ത്ത പലരിലും അസ്വസ്ഥതയുണ്ടാക്കുകയാണ്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പ്രേമലു വലിയ വിജയമാണ് കേരളത്തിൽ നേടിയത്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നുവെങ്കിലും സിനിമ ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344199/premalu-hindi-remake-32-year-old-plays-a-graduate-trolls-against-veer-pahariyas-casting)