(https://moviemax.in/) മലയാള സിനിമാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 'ദൃശ്യം 3' റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുക. 'ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല' എന്ന ടാഗ് ലൈനോടെ എത്തുന്ന മൂന്നാം ഭാഗം ദൃശ്യം ഫ്രാഞ്ചൈസിയുടെ ക്ലൈമാക്സ് ആയിരിക്കും. റിലീസ് പ്രഖ്യാപനം വന്നതോടെ വലിയ ആവേശത്തിലാണ് ആരാധകർ. വരും ദിവസങ്ങളിൽ തന്നെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
വരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അവസാനിക്കാത്ത സാഹചര്യത്തിൽ, ഇത്തവണ ജോർജുകുട്ടിയും കുടുംബവും നിയമത്തിന് മുന്നിൽ കുടുങ്ങുമോ അതോ നാലാം ക്ലാസുകാരന്റെ ബുദ്ധിയിൽ വിരിയുന്ന പുതിയ തന്ത്രങ്ങൾ കുടുംബത്തെ രക്ഷിക്കുമോ എന്നതാണ് പ്രേക്ഷകർക്കിടയിലെ പ്രധാന ചർച്ച. മുൻപത്തെ രണ്ട് ഭാഗങ്ങളെയും പോലെ സസ്പെൻസ് നിറഞ്ഞ ഒരു ദൃശ്യവിരുന്നിനായി ഏപ്രിൽ 2 വരെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
ഈ വര്‍ഷം മലയാളികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിലീസ് ആണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്ത രണ്ട് ഭാഗങ്ങളും സമ്മാനിച്ച വന്‍ വിജയവും ദൃശ്യ മികവും തന്നെയാണ് അതിന് കാരണം. 2025 സെപ്റ്റംബർ 22ന് ആയിരുന്നു ദൃശ്യം 3യുടെ ചിത്രീകരണം ആരംഭിച്ചത്. ദൃശ്യം ഒന്നും രണ്ടും മനസ്സിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസ്സിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ത്ഥന എന്നായിരുന്നു അന്ന് മോഹൻലാൽ നിറമനസോടെ പറഞ്ഞത്.
മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
Will Georgekutty be fined this time?; The climax of the Drishyam franchise is coming; Teaser update



























