കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു.
കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മന്ത്രിയുടെ കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നേകാലോടെ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചാണ് പ്രതിഷേധവും അക്രമവും അരങ്ങേറിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. രാവിലെ കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും ഉച്ചയ്ക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയുടെയും ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്.
മന്ത്രിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നിലനിന്നിരുന്നതിനാൽ വൻ പോലീസ് സന്നാഹം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധം തടയാനായില്ല. അതേസമയം, പോലീസുകാർ പിടിച്ചുതള്ളുന്നതിനിടയിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്നും വാദമുണ്ട്.
മന്ത്രിക്കൊപ്പം സംഭവസമയത്ത് സ്പീക്കർ എ.എൻ. ഷംസീറും ഉണ്ടായിരുന്നു. മന്ത്രിയെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നു വരികയായിരുന്നു. പൊലീസ് സുരക്ഷാ വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കയ്യേറ്റം ചെയ്തതെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
Minister Veena George admitted to ICU CM visits




























