( www.truevisionnews.com )ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ യാതൊന്നും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി കേരളീയ സമൂഹത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിധി വന്ന സമയത്ത് അതിനെ എതിർത്തവരെല്ലാം അയ്യപ്പ സംഗമത്തിൽ അണിനിരന്നതോടെ യുഡിഎഫ് വലിയ അങ്കലാപ്പിലായി. മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം പാർട്ടി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് പാർട്ടി നേരത്തെ തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയതാണ്. അയ്യപ്പസംഗമം നല്ലൊരു കാര്യമാണ് ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥർ കണക്കുകൾ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും ഓഡിറ്റ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് പുറത്തുവിട്ടത് ഉചിതമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷത്തെ തകർക്കാൻ പോറ്റിയെ കരുവാക്കിയവർ ഒടുവിൽ അദ്ദേഹത്തെ തന്നെ കുഴിയിൽ വീഴ്ത്തി. വിശ്വസിക്കാൻ കൊള്ളാവുന്നവർ എൽഡിഎഫ് ആണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ പറഞ്ഞിട്ടുണ്ടെന്നും, സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് എൻഎസ്എസ് നേതൃത്വത്തിന് ഇപ്പോൾ സ്നേഹം കൂടിയെന്നും മന്ത്രി അവകാശപ്പെട്ടു.
തുടർഭരണം ഇടതുപക്ഷത്തെ തകർക്കുമെന്ന സച്ചിദാനന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കവെ, സച്ചി മാഷിനെപ്പോലെയുള്ള ദുർബലമനസ്സുള്ളവർ യുഡിഎഫ് പ്രചാരണങ്ങളിൽ വീണുപോയിട്ടുണ്ടാകാം എന്നും മന്ത്രി പരിഹസിച്ചു.
Sabarimala women's entry; Minister Saji Cherian says government will not impose anything



























