ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ഒരു വിഭാഗം വനിതാ പ്രവർത്തകർ പൊലീസ് ജീപ്പിന് മുന്നിൽ കയറി തടസ്സമുണ്ടാക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ പൊലീസ് വാഹനം മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം വിട്ട് ഒരു യുവതി നിലത്തു വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിച്ചതോടെ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിതുറന്നത്. എന്നാൽ, വാഹനം തടഞ്ഞ് ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു.
Vandanam medical malpractice protest: Police register case against Youth Congress women activists
































