കൊച്ചി:( www.truevisionnews.com ) സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക്, ഭാര്യയുടെ സ്വത്തിൽ യാതൊരുവിധ അവകാശവുമില്ലെന്ന് കേരള ഹൈക്കോടതി. സ്വന്തം കുറ്റകൃത്യത്തിലൂടെ ഇരയുടെ സ്വത്ത് സമ്പാദിക്കാൻ കൊലപാതകിയെ അനുവദിക്കുന്നത് നീതിബോധത്തിന് നിരക്കാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എസ്. ഈശ്വരന്റേതാണ് ഈ നിർണ്ണായക ഉത്തരവ്.
ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം കൊലപാതകിക്ക് സ്വത്തവകാശം നിഷേധിക്കുന്നതിനെക്കുറിച്ച് നേരിട്ട് പരാമർശമില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി നേരത്തെ വിചാരണ കോടതികൾ യുവതിയുടെ മാതാവിന്റെ ഹർജി തള്ളിയിരുന്നു. മകളുടെ ബാങ്ക് നിക്ഷേപം വിട്ടുനൽകണമെന്ന മാതാവിന്റെ ആവശ്യം പരിഗണിക്കവെയാണ് ഹൈക്കോടതി ഈ വിധി തിരുത്തിയത്.
ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ കൊലപാതകിക്ക് സ്വത്തവകാശമില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലും ഇതേ തത്വം ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ഒരു കുറ്റവാളി തന്റെ തെറ്റായ പ്രവർത്തിയിലൂടെ ലാഭമുണ്ടാക്കുന്നത് തടയേണ്ടത് നിയമത്തിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനക്കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോടതിയുടെ ഈ ഇടപെടൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
Accused in dowry harassment case has no right to wife's property - High Court
































