---
title: "'എനിക്ക് ജീവിക്കണം, എന്റെ മകന് വേണ്ടി'; സൈബർ വേട്ടയാടലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി രേഖ രതീഷ്"
english_title: "Actress Rekha Ratheesh files complaint with Chief Minister against cyberstalking"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342606/actress-rekha-ratheesh-files-complaint-with-chief-minister-against-cyberstalking"
published_at: "2026-02-18T11:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699552cbc6bda_Actress_Rekha_Ratheesh_files_complaint_with_Chief_Minister_against_cyberstalking.jpg"
keywords: []
---

# 'എനിക്ക് ജീവിക്കണം, എന്റെ മകന് വേണ്ടി'; സൈബർ വേട്ടയാടലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി രേഖ രതീഷ്

> **Lead Summary:** കൊച്ചി: സോഷ്യൽ മീഡിയയിലെ അതിരുകടന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നിലപാടുമായി പ്രമുഖ സീരിയൽ നടി രേഖ രതീഷ്. തനിക്കെതിരെ മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് താരം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച പരാതി തുടർനടപടികൾക്കായി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.

## Article Content

കൊച്ചി: സോഷ്യൽ മീഡിയയിലെ അതിരുകടന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ കർശന നിലപാടുമായി പ്രമുഖ സീരിയൽ നടി രേഖ രതീഷ്. തനിക്കെതിരെ മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് താരം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച പരാതി തുടർനടപടികൾക്കായി സൈബർ പൊലീസിന് കൈമാറിയിട്ടുണ്ട്.

നടി വീണ്ടും വിവാഹം കഴിക്കുന്നുവെന്ന പേരിൽ തംബ്‌നെയിലുകളും അധിക്ഷേപകരമായ ക്യാപ്ഷനുകളും നൽകി വീഡിയോകൾ നിർമ്മിക്കുന്ന ചാനലുകൾക്കെതിരെയാണ് പരാതി. നടിമാർ ഉൾപ്പെടെയുള്ളവരുടെ വ്യക്തിജീവിതത്തെ ചർച്ചാവിഷയമാക്കി വരുമാനം കണ്ടെത്തുന്ന ഇത്തരം പ്രവണതകൾക്ക് അറുതി വരുത്താൻ സർക്കാർ ഇടപെടണമെന്ന് രേഖ രതീഷ് ആവശ്യപ്പെട്ടു.

> "സ്ത്രീകളുടെയും കലാകാരന്മാരുടെയും അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കണം. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകണം," എന്ന് താരം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വ്യക്തിഹത്യ നടത്തുന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ ഈ നീക്കം.

ശ്രീ പിണറായി വിജയൻ സാറിന്..

എന്റെ പേര് രേഖ രതീഷ്. മലയാളം സീരിയൽ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. ഒൻപതാം ക്ലാസിൽ പഠിക്കുന്നൊരു മകനുണ്ട് എനിക്ക്. കഴിഞ്ഞ ഏഴേട്ട് ഒൻപത് മാസങ്ങളായി ജോലിയില്ലാതെ എന്റെ ഫ്ലാറ്റിൽ തന്നെ കഴിയുകയാണ് സാർ. രണ്ട് മൂന്ന് മാസമായി ഒരു കൂട്ടം യുട്യൂബേഴ്സ് എന്നെ കുറിച്ച് വളരെ മോശമായ രീതിയിൽ ക്യാപ്ഷൻസ് കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. മാനസിക സമ്മർദ്ദം എനിക്ക് സഹിക്കാൻ പറ്റുന്നില്ല സാർ. അടുത്ത കാലത്തായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞു പോകുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ട് പോകുന്ന സ്ത്രീയാണ് ഞാൻ. എന്റെ മകന് വേണ്ടി..

പക്ഷേ ഈ യുട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. മാനസികമായിട്ടുള്ള സമ്മർദ്ദം.. എനിക്ക് ജീവിക്കാൻ പറ്റുന്നില്ല സാർ. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്തുകൊണ്ട് എന്ന ചോദ്യം വന്നാൽ, എന്നെ തോജോവധം ചെയ്യുന്ന ഈ യുട്യൂബേഴ്സ് തന്നെയാണ് അതിന് പിന്നിലുള്ള കാരണമെന്ന് എനിക്ക് അറിയിക്കാൻ വേണ്ടിയാണ്. ഇതു കൊണ്ടെങ്കിലും ഇവിടെ അവസാനിക്കണം എല്ലാം.

എന്നെ മാത്രമല്ല എന്റെ ഫീൽഡിലുള്ള ഒരുകൂട്ടം ആൾക്കാരെ ഇതുപോലുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യുട്യൂബേഴ്സ് ഉണ്ട്. ദയവ് ചെയ്ത് ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണം. എനിക്ക് വേണ്ടി മാത്രമല്ല എന്റെ സഹോദരന്മാരും സഹോ​ദരിമാർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാതെ സർക്കാർ ഒരു തീരുമാനം എടുത്ത് ഇതിൽ നിന്നെല്ലാം ഞങ്ങളെ രക്ഷിക്കണമെന്ന് താഴ്മയോട് കൂടി ഞാൻ അപേക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342606/actress-rekha-ratheesh-files-complaint-with-chief-minister-against-cyberstalking)