തിരുവനന്തപുരം : ( www.truevisionnews.com ) കടുത്ത വേനലിന് കുളിരായി കേരളത്തിൽ മഴ എത്തുന്നു. ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും തെക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിന്നിരുന്ന ന്യൂനമർദം (Low Pressure Area) ഇപ്പോൾ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
2026 ഫെബ്രുവരി 18-ഓടെ ഈ ന്യൂനമർദം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അനുബന്ധ മേഖലയ്ക്കും മുകളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിനുപുറമെ, തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ 0.9 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഈ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴ പെയ്തേക്കാം. ഫെബ്രുവരി 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണഗതിയിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഫെബ്രുവരി മാസത്തിൽ ഇത്തരത്തിൽ മഴയെത്തുന്നത് ഏറെ കൗതുകകരമാണ്.
rain alert forecast low pressure bay of bengal
































