കൊച്ചി: ( www.truevisionnews.com ) സംസ്ഥാന സർക്കാരിന് വന്‍ തിരിച്ചടിയായി നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ പണവും ദുരുപയോഗം ചെയ്ത് നടത്തുന്ന സര്‍വേ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാമെന്ന് ആരോപിച്ച് പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
സർവേ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. 2030-ൽ കേരളം എങ്ങനെയായിരിക്കണം എന്ന വിഷയമാണ് സർവേയുടെ പിന്നിലുള്ള ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
സര്‍വേയ്ക്കായി നാഷണല്‍ സര്‍വീസ് സ്കീം വൊളന്‍റിയര്‍മാരെ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തിയിരുന്നു. എന്‍.എസ്.എസ്സിനെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നാണായിരുന്നു അധ്യാപകരുടെ വാദം. എന്നാല്‍ വികസനത്തെ കുറിച്ച് സര്‍ക്കാരിനായി വിവര ശേഖരണം നടത്തുകമാത്രമാണ് ലക്ഷ്യമെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.
സംസ്ഥാനത്താകെ സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്കരികിലെത്തി പഠനം നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു പദ്ധതി. ഇത് ക്രോഡീകരിച്ച് വരുംകാലത്തേക്കുള്ള നാടിന്റെ പുരോഗതി എങ്ങനെയാകണമെന്നുള്ള രൂപരേഖ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ജനങ്ങളില്‍ നിന്ന് വിവര ശേഖരണം നടത്തി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനാണ് ഹൈക്കോടതി തടയിട്ടത്. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിലയില്‍ 85000 സന്നദ്ധ പ്രവര്‍ത്തകരെയാണ് കേരളമാകെ ഈ സര്‍വേക്കായി നിയോഗിച്ചിരുന്നത്.
കേരളത്തിന്റെ ഭാവി വികസനത്തിനുള്ള നിര്‍ദേശങ്ങള്‍, നടപ്പാക്കി വരുന്ന വികസന പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍, നടപ്പാക്കേണ്ട ക്ഷേമപദ്ധതികള്‍, നിലവിലെ ക്ഷേമ പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള നാല് ചോദ്യങ്ങളാണ് ജനങ്ങളോട് ചോദിക്കുക. 2031ല്‍ ഒരു വികസിത കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സര്‍വേ എന്നാണ് സര്‍ക്കാര്‍ പറയുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയായാണ് സര്‍വേ വിലയിരുത്തപ്പെട്ടത്.
Huge setback for the government Nava Kerala Survey cancelled High Court says the program is illegal



























