തിരുവനന്തപുരം:( www.truevisionnews.com ) തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
മൂന്നു വർഷത്തെ തടവും പിഴയുമാണ് വിചാരണാ കോടതി വിധിച്ചിരുന്നത്. ഈ ശിക്ഷയെത്തുടർന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാവുകയും അദ്ദേഹം അയോഗ്യനാക്കപ്പെടുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാൻ വേണ്ടി, അഭിഭാഷകനായിരുന്ന കാലത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തി തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരായ കേസ്. നെടുമങ്ങാട് കോടതി ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് വർഷത്തിന് മുകളിൽ ശിക്ഷ ലഭിച്ചതോടെയാണ് നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടത്.
കേസിന്റെ നടപടിക്രമങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ പ്രധാന വാദം. എന്നാൽ ഇതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. ശിക്ഷാവിധി കോടതി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് അയോഗ്യതയിൽ നിന്ന് മോചനം ലഭിക്കൂ. അതിനാൽ ഇന്നത്തെ വിധി ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയിൽ അതീവ നിർണ്ണായകമാണ്.
Judgment today in Antony Raju's petition in the Thondimuthu sabotage case



























