മലപ്പുറം: (https://truevisionnews.com/) ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്നത് വൻ സാമ്പത്തിക വെട്ടിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് കോടികളുടെ കൊള്ളയാണെന്ന് വി.ഡി സതീശൻ. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആഗോള അയ്യപ്പ സംഗമം നടത്തി. അവിടെ നടന്ന കൊള്ളയുടെ കണക്കുകളാണ് പുറത്ത് വരുന്നതെന്നും സതീശൻ പറഞ്ഞു .
സർക്കാറിനും അതിൽ പങ്കുണ്ട്. പരസ്പരം വിരുദ്ധമായ കണക്കുകളാണ് ഹൈക്കോടതിയിൽ കൊടുത്തത്. അയ്യപ്പന്റെ പേരിൽ മുഖ്യമന്ത്രി തട്ടിപ്പ് നടത്തേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.
ഉത്തരവാദി ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ദേവസ്വം ബോർഡിനും സർക്കാറിനും ഉത്തരവാദിത്വമുണ്ട്. ദേവസ്വം ബോർഡ് വാർത്താ കുറിപ്പ് ഇറക്കാതെ കൃത്യമായി കണക്ക് കോടതിയിൽ കൊടുക്കണം.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തിയ പരിപാടിയുടെ പരിണിതഫലമാണ് ഇത്. സർക്കാരിന് ഉത്തരവാദിത്വമില്ലെങ്കിൽ ഗോവിന്ദൻ മാസ്റ്റർ എന്തിനാണ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതിൽ ശ്രദ്ധിക്കണമായിരുന്നെന്നും സതീശൻ പറഞ്ഞു.
അതേസമയം ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് വിവാദത്തിൽ സംസ്ഥാന സർക്കാറിനെയും ദേവസ്വം മന്ത്രി കെ. മുരളീധരനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശബരിമല്ലയിൽ വിഗ്രഹം മാത്രമാണ് ബാക്കിയുള്ളതെന്നും വിഗ്രഹം സ്വർണത്തിൽ നിർമിക്കാത്തതിനാൽ അത് എടുത്തു കൊണ്ട് പോയില്ലെന്നും മുരളീധരൻ പറഞ്ഞു. അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോർഡിന്‍റെ കാശും കൊണ്ടു പോയെന്നും അദ്ദേഹം ആരോപിച്ചു.
നാലിയരം പേര് പങ്കെടുത്ത സംഗമത്തിൽ അയ്യായിരം പേർ ഭക്ഷണം കഴിച്ചെന്നാണ് പറയുന്നത്. അഞ്ച് പേരുടെ ഭക്ഷണം ഒരാൾ കഴിച്ചോ എന്നും മുരളീധരൻ ചോദിച്ചു. അത്രയും വലിയ ഭീമന്മാർ സംഗമത്തിൽ പങ്കെടുത്തോ?. സംഗമത്തിൽ നടന്നത് കൊള്ളയാണ്. വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കും. വീരപ്പനെ പോലും തോൽപിച്ചു. വീരപ്പൻ ജീവിക്കാൻ വേണ്ടിയാണ് കൊള്ള നടത്തിയത്. ഇത് ഭരിക്കാൻ ഏൽപിച്ചിട്ട് കൊള്ള നടത്തുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു.
അയ്യപ്പ സംഗമത്തിൽ കച്ചേരി നടത്താൻ ആരെയും ക്ഷണിച്ചിട്ടുമില്ല, ആരും കച്ചേരി നടത്താൻ വന്നതുമില്ല. എട്ട് ലക്ഷത്തിന്‍റെ ബിൽ തയാറാക്കി. രണ്ട് ലക്ഷം കൊടുത്ത് വേറെ ആളെ കൊണ്ട് കച്ചേരി നടത്തി. വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തത് കൊണ്ടാണ് ഒന്നും മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞത്.
ആകെ നാലുകോടിയേ ചെലവായുള്ളൂവെന്നും അത് സ്പോൺസർഷിപ്പ് ആണെന്നുമാണ് മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് ഹൈകോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. അയ്യപ്പ സംഗമത്തിന് കാൽകാശ് ദേവസ്വം ബോർഡോ സർക്കാരോ എടുക്കാൻ പാടില്ലെന്നാണ് ഹൈകോടതി നിർദേശിച്ചിട്ടുള്ളത്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കാശ് എടുത്തത്.
അയ്യപ്പ സംഗമത്തിൽ കിടന്ന് ഉറങ്ങാനാണോ 500 കട്ടിൽ എത്തിച്ചത്. സ്റ്റേജ് കെട്ടുന്നതിന് പകരം കട്ടിലാണോ ഇടുന്നത്. മുഖ്യമന്ത്രിക്ക് സംഗമത്തിലേക്ക് വരാൻ ഇത്ര ലക്ഷം. മുഖ്യമന്ത്രിയുടെ യാത്രക്ക് സംസ്ഥാന സർക്കാരാണ് പണം ചെലവഴിക്കുന്നത്. സംഗമത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ലക്ഷം മുടക്കി താമസസൗകര്യം. ഹോട്ടൽ ബുക്ക് ചെയ്തത് സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ.
സംഗമം നടത്തിയത് സംസ്ഥാന സർക്കാർ അല്ലെന്ന് പറയുമ്പോൾ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ എന്ത് അടിസ്ഥാനത്തിലാണ് മുറി ബുക്ക് ചെയ്തത്. നഗ്നമായ ലംഘനം നടന്നിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉളുപ്പിലാതെ നടക്കുന്നത്. സംഭവത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെക്കണം. നിയമസഭയിൽ തെറ്റായ കണക്ക് പറഞ്ഞ ദേവസ്വം മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
Global Ayyappa gathering held for political gain - VDSatheesan





























_(17).jpeg)



