തിരുവനന്തപുരം: ( www.truevisionnews.com ) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാര്‍ക്കൊപ്പം പോകാത്തതിൽ പ്രതികരിച്ച് കൗണ്‍സിലര്‍ ആർ ശ്രീലേഖ. യാത്ര വേണ്ടെന്ന് വച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. തിരുവനന്തപുരത്ത് ചരിത്ര വിജയമാണ് നേടിയത്. അപ്പോഴാണ് ദില്ലിയിൽ നിന്ന് വിളി വന്നത്.
കേരള എക്സ്പ്രസിൽ കയറി പലയിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര. തിരിച്ച് 13നാണ് എത്തുക. 14 പേരാണ് യാത്ര ചെയ്യാൻ ആദ്യം തീരുമാനിച്ചത്. ഈ പ്രായത്തിൽ കേരള എക്സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണ്. അത് പറഞ്ഞപ്പോൾ വിമാനം അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നു. എന്നാല്‍, അനാവശ്യമായി പൈസ ചെലവാക്കുന്നത് തനിക്ക് എതിർപ്പുള്ള കാര്യമാണെന്ന് ശ്രീലേഖ വിശദീകരിച്ചു.
വ്യക്തിപരമായി യാത്ര ചെയ്യുന്നതിലും തനിക്ക് ബുദ്ധിമുട്ടുണ്ട്. അമ്മയ്ക്ക് 94 വയസായി. വീട്ടിലെ സെര്‍വന്‍റ് ലീവിലായതിനാല്‍ അഞ്ച് ദിവസം മാറി നിൽക്കാൻ സാധിക്കില്ല. പ്രതിഷേധം കൊണ്ടോ ആരോടെങ്കിലുമുള്ള അനിഷ്ടം കൊണ്ടോ അല്ല പോകാത്തത്. അതിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ നല്‍കി. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പിൽ വിജയം നേടി. അഞ്ച് വര്‍ഷത്തേക്ക് മറ്റൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് വിശദീകരണം.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് മേയറുടേയും കൗൺസിലർമാരുടേയും ദില്ലിയിലേക്കുള്ള യാത്ര. നഗരത്തിന്‍റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.
തലസ്ഥാന നഗരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മേയർ അറിയിച്ചു.
r sreelekha explains why she didnt go to meet pm modi

































