പയ്യന്നൂർ: ( www.truevisionnews.com ) സിപിഎം പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ. ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച കുഞ്ഞികൃഷ്ണൻ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരേയും വിമർശനമുയർത്തി. മാധ്യമങ്ങളോട് പറഞ്ഞ കണക്കുകളിൽ രാഗേഷിന് തന്നെ വ്യക്തതയില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ചില ആരോപണങ്ങൾ കേട്ടപ്പോൾ ചിരിയാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പാർട്ടി അന്വേഷിച്ച് തീർപ്പാക്കിയ കാര്യം വീണ്ടും ഉന്നയിക്കുകയായിരുന്നുവെന്നും പാർട്ടിയെ കടന്നാക്രമിക്കുന്നവരുടെ കൈയിലെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണൻ അധഃപതിച്ചെന്നുമാണ് നേരത്തേ രാഗേഷ് വിമർശിച്ചത്.
64 ലക്ഷം വരവിൽ ഉൾപ്പെടുത്തിയാൽ പിന്നെ എന്തിനാണ് ധനരാജ് ഫണ്ടിൽ നിന്ന് 35 ലക്ഷം വാങ്ങുന്നത്. വാങ്ങേണ്ട കാര്യമില്ലല്ലോ. വരവ് കൂടിയപ്പോൾ ചെലവ് കൂടുന്ന അവസ്ഥ ഉണ്ടായി. ഞാൻ എന്റെ പുസ്തകത്തിൽ പറഞ്ഞ ഒരു വാചകം, വരവ് കൂടുമ്പോൾ ചെലവ് കൂടുന്ന പുതിയ കണക്ക് ശാസ്ത്രം പഠിക്കാൻ ഇത് ഉപകരിച്ചിട്ടുണ്ട് എന്നാണ്. ഈ രീതിയിലുള്ള നിലപാടാണ്. ഇല്ലാത്ത ചെലവ് പെരുപ്പിച്ചുകാട്ടി കണക്ക് അവതരിപ്പിച്ചെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു.
ധനരാജ് ഫണ്ടും കെട്ടിട നിർമാണ ഫണ്ടും ചേർന്ന് 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ കണക്കിൽ 40 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് വേണ്ടി വകമാറ്റിയിട്ടുണ്ട്. 40 ലക്ഷം ഏരിയ കമ്മിറ്റി കണ്ടെത്തി തിരിച്ചുകൊടുക്കണമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. കെട്ടിട നിർമാണത്തിന് 35 ലക്ഷം മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് കണക്കുകളിൽ പറഞ്ഞത്. എന്നാൽ, ജില്ലാ കമ്മിറ്റി പറയുന്നു 40 ലക്ഷമെന്ന്- കുഞ്ഞികൃഷ്ണൻ പറഞ്ഞു.
‘രണ്ട് ബാങ്കിൽനിന്ന് പിരിച്ച പണം അക്കൗണ്ടിലില്ല. അന്ന് ടി.ഐ. മധുസൂദനനാണ് ഏരിയ സെക്രട്ടറി. താൻ ഒരു കണക്കിന്റെ ഓഡിറ്റർ മാത്രമേ ആയിട്ടുള്ളൂ. അത് തിരഞ്ഞെടുപ്പ് ഫണ്ടിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ ചേർന്ന ഏരിയ കമ്മിറ്റിയിൽ ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്.
ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോൾ അർധരാത്രിയാണെന്ന് ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ അടിസ്ഥാനത്തിൽ എം.വി. ജയരാജൻ പറഞ്ഞാൽ അത് അംഗീകരിച്ച് പോകാൻ എല്ലാവരേയും കിട്ടില്ല. അതാണ് ഞാൻ കമ്മിറ്റിയിൽ പറഞ്ഞത്.’
പയ്യന്നൂരിലെ പാർട്ടിയെ യോജിപ്പിച്ച് കൊണ്ടുപോകാൻ വി. കുഞ്ഞികൃഷ്ണന് സാധിക്കില്ലെന്ന് ഏതെങ്കിലും ഒരാൾക്ക് ആത്മനിഷ്ഠമായി തോന്നിയാൽ മതിയോയെന്നും കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഇതൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയല്ലേ. അങ്ങനെ സാധിക്കുന്നില്ലെങ്കിൽ ഏരിയ കമ്മിറ്റിയിൽ ഉന്നയിക്കണ്ടേ ആ വിഷം.
ചർച്ച ചെയ്യേണ്ടേ. കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്നതിൽ എന്തു വീഴ്ചയാണ്, പോരായ്മയാണ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എന്നെ ബോധ്യപ്പെടുത്തണ്ടേ? ചിലർക്ക് ആത്മനിഷ്ഠമായി തോന്നി. അങ്ങനെയാണ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നത്. - അദ്ദേഹം കൂട്ടിച്ചേർത്തു.
kunhikrishnan reply kannur cpm expelled kk ragesh


































