കണ്ണൂർ : (https://truevisionnews.com/) രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.
ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ ആയി കുഞ്ഞിക്കൃഷ്ണൻ മാറിയെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി തള്ളി.
കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച വിഷയങ്ങൾ 2022 ഏപ്രിലിൽ പാർട്ടി ചർച്ച ചെയ്തു തീരുമാനമെടുത്തിരുന്നതായി കെ.കെ.രാഗേഷ് പറഞ്ഞു. അദ്ദേഹം വെളിപ്പെടുത്തിയത് പുതിയ കാര്യമല്ല. ആരോപണം ഉയർന്നപ്പോൾ പാർട്ടി പാർട്ടിയുടേതായ നടപടി സ്വീകരിച്ചു.
പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കുഞ്ഞിക്കൃഷ്ണനെ പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. നടപടി വന്നതോടെ കുഞ്ഞിക്കൃഷ്ണൻ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിന്നു.
അതിനുശേഷം ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കി. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗമായി. ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്തു തീരുമാനമെടുത്തതാണ്. ആരോപണം ഉന്നയിച്ചശേഷമാണ് ജില്ലാ കമ്മിറ്റിയിലേക്ക് കുഞ്ഞിക്കൃഷ്ണനെ തിരിച്ചെടുത്തത്.
പിന്നീട് സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് മധുസൂദനൻ എംഎൽഎയ്ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സഹകരണ സ്ഥാപനം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആരോപണം സംബന്ധിച്ച രേഖകൾ നൽകാൻ പറഞ്ഞപ്പോൾ കുഞ്ഞിക്കൃഷ്ണൻ നൽകിയില്ല.
ജില്ലാ കമ്മിറ്റിയിൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ചശേഷം മാധ്യമങ്ങളിൽ ചർച്ചയാക്കി. പാർട്ടിയെ പ്രതിരോധത്തിലാക്കിയതിനു അന്നു ശാസന നൽകിയിരുന്നു.
രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വാർത്ത ചോർത്തൽ സംബന്ധിച്ചും പാർട്ടി അന്വേഷിച്ചു. പാർട്ടിക്ക് അക്കാര്യത്തിൽ വ്യക്തമായ തെളിവു ലഭിച്ചു. പാർട്ടിക്ക് അകത്തുനിന്ന്, പാർട്ടിയെ വഞ്ചിച്ചു വാർത്ത ചോർത്തിയെന്നു കുഞ്ഞിക്കൃഷ്ണൻ തന്നെ പറഞ്ഞു.
CPM expels V Kunhikrishnan who exposed Martyrs Fund scam





























