തിരുവനന്തപുരം: ( www.truevisionnews.com) എസ്.എൻ.ഡി.പിയുമായുള്ള ഐക്യനീക്കങ്ങളോട് പൂർണ്ണമായി യോജിക്കുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഐക്യ ചർച്ചകൾക്കായി എത്തുന്ന തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘത്തെ താൻ സ്വാഗതം ചെയ്യും. തുഷാർ വെള്ളാപ്പള്ളിയെ ഒരു മകനെപ്പോലെയാണ് താൻ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സാമുദായിക ഐക്യത്തിനായുള്ള ഈ നീക്കത്തെ എൻ.എസ്.എസിലെ ഭൂരിപക്ഷം പേരും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ഇരു സംഘടനകളും തമ്മിലുള്ള ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന സൂചനയാണ് സുകുമാരൻ നായരുടെ വാക്കുകൾ നൽകുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എസ്.എൻ.ഡി.പിയുമായുള്ള ഐക്യം തുടരും. രാഷ്ട്രീയമായി സമദൂരമെന്ന നിലപാട് എൻ.എസ്.എസ് തുടരും. സമുദായംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഐക്യത്തിന് കഴിയുമെന്നും സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വി.ഡി സതീശൻ വലിയ ഉമ്മാക്കിയല്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസുകാരാണ് വി.ഡി സതീശനെ പറഞ്ഞ് വലിയ ആളാക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.
NSS for unity with SNDP; Will accept Thushar like a son - Sukumaran Nair




























