പറവൂർ:(https://truevisionnews.com/)വീട്ടമ്മയുടെ എട്ടുപവന്റെ മാല സ്‌കൂട്ടറിലെത്തിയവർ കവർന്നു. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെരുവാരം കാടാശ്ശേരി ഉഷ (64)യുടെ എട്ടുപവൻ വരുന്ന സ്വർണമാലയാണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ പൊട്ടിച്ച് കടന്നുകളഞ്ഞത്.
നഗരസഭ 21-ാം വാർഡിൽ പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശം അങ്കണവാടി റോഡിൽ ഇന്നലെ വൈകീട്ട് നാലിനായിരുന്നു സംഭവം.
ദേശീയപാത പെരുവാരം പൂശാരിപ്പടി റോഡിലൂടെ വന്ന് അങ്കണവാടിക്കു സമീപമുള്ള വീട്ടിലേക്ക് പോവുകയായിരുന്നു ഉഷ. ഹെൽമെറ്റ് ധരിച്ച് സ്കൂട്ടറിൽ പിന്തുടർന്നെത്തിയ രണ്ടുപേരാണ് മാല പൊട്ടിച്ചത്.
സ്കൂട്ടറിൽ എത്തിയ യുവാക്കളിലൊരാൾ വീട്ടമ്മയുടെ സമീപം ഇറങ്ങുകയും മറ്റേയാൾ സ്കൂട്ടർ കുറച്ചു മാറ്റിനിർത്തുകയും ചെയ്തു. സ്കൂട്ടറിന് പിന്നിൽ നിന്നിറങ്ങിയ ആൾ ബലമായി മാല പൊട്ടിച്ചെടുത്തപ്പോൾ തടയാൻ ശ്രമിച്ച ഉഷ റോഡിലേക്ക് വീണു. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഇവരുടെ അടുത്തേക്ക് സ്കൂട്ടർ കൊണ്ടുവന്ന് നിർത്തുകയും മാല പൊട്ടിച്ചയാൾ സ്കൂട്ടറിന്റെ പിന്നിൽ കയറി ഇരുവരും രക്ഷപ്പെടുകയും ചെയ്തു.
പരിക്കേറ്റ ഉഷ, താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് സ്ഥലത്തെത്തി സിസി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A housewife's necklace of eight pieces was stolen by a man on a scooter.


































