Jan 19, 2026 02:31 PM

പത്തനംതിട്ട: ( www.truevisionnews.com) മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജാമ്യം തേടി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി നാളെ പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യം നിഷേധിച്ചിരുന്നു.

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളിയായിരുന്നു ജാമ്യം നിഷേധിച്ചത്. പൊലീസ് റിപ്പോർട്ട് വന്നശേഷമായിരിക്കും ജില്ലാ കോടതിയിൽ ജാമ്യ അപേക്ഷയിൽ വിശദമായ വാദം നടക്കുക. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നതടക്കമുള്ള പരാമർശങ്ങളോടെയായിരുന്നു തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചത്.

ഉഭയസമ്മതപ്രകാരമുള്ള ലൈംഗീകബന്ധം, അറസ്റ്റ് ചട്ടവിരുദ്ധം തുടങ്ങിയ വാദങ്ങളാണ് പ്രധാനമായും രാഹുലിന്‍റെ അഭിഭാഷകർ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യഹർജിയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നത്. എന്നാൽ, പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിച്ച കോടതി ബലാത്സംഗ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്.

മറ്റ് രണ്ട് കേസുകളുടെ സമാനസ്വഭാവവും രാഹുലിന് കുരുക്കായി. വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി ഓൺലൈൻ വഴി രേഖപ്പെടുത്തി, അതിൽ ഒപ്പ് പോലുമില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകർ വാദിച്ചിരുന്നു.

എന്നാൽ, ഡിജിറ്റൽ തെളിവുകൾ അംഗീകരിക്കുന്ന കാലത്ത് എസ്ഐടിയുടെ നടപടിക്രമങ്ങൾ കോടതി ശരിവെച്ചു. മാത്രമല്ല, വിഡിയോ കോൺഫറൻസ് വഴി പരാതിക്കാരി നൽകിയ മൊഴി അവർ ഡിജിറ്റൽ ഒപ്പിട്ട് തിരികെ നൽകിയതാണ്. എംബസി മുഖാന്തരമായിരുന്നു നടപടിക്രമങ്ങൾ.

രാഹുൽ അനുകൂലികൾ ഇരകൾക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങളും അതിലെ കേസുകളും പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സൈബർ ആക്രമണങ്ങൾക്ക് ഭീഷണിയുടെ സ്വരമെന്ന് കോടതി വിലയിരുത്തി.

ജാമ്യം നൽകിയാൽ എംഎൽഎയുടെ അധികാരം ഉപയോഗിച്ച് പരാതിക്കാരിയെ രാഹുൽ സമ്മർദ്ദത്തിലാക്കും. പ്രതിഭാഗത്തിന്‍റെ വാദങ്ങളെല്ലാം അപ്പാടെ തള്ളിയ തിരുവല്ല മജിസ്ട്രേറ്റ് കോടതി വിധി ജാമ്യം തേടി മേൽക്കോടതികളിലേക്ക് പോകുന്ന രാഹുലിന് കൂടുതൽ കുരുക്കാകും. ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ അറസ്റ്റിലായിട്ട് ഒരാഴ്ച പിന്നിടുകയാണ്.



Third rape case against Rahul, bail application filed in Pathanamthitta District Sessions Court

Next TV

Top Stories










News Roundup