വൈക്കം: (https://truevisionnews.com/) കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് യുവതി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് വെള്ളിയാമ്മാവ് പാറോലിക്കൽ പി.എ. വർഗീസിന്റെ മകൾ സ്മിത സാറാ വർഗീസ് (44) ആണ് മരിച്ചത്. ബുധനാഴ്ച രണ്ട് മണിയോടെ വെച്ചൂർ-തണ്ണീർമുക്കം റോഡിൽ അംബിക മാർക്കറ്റ് ജങ്ഷന് സമീപമായിരുന്നു അപകടം.
സ്മിത ബൈക്കിൽ തണ്ണീർമുക്കം ബണ്ട് ഭാഗത്തുനിന്നു വെച്ചൂർ ഭാഗത്തേക്ക് വരികയായിരുന്നു. വഴി ചോദിക്കാനായി ബണ്ട് റോഡ് ജങ്ഷനിൽ ബൈക്ക് നിർത്തി.
തൊട്ടുപിന്നാലെ എത്തിയ ബസ്, സ്റ്റോപ്പിൽ നിന്നിരുന്ന ആളെ കയറ്റിയ ശേഷം മുന്നോട്ട് എടുത്തു. ഈ സമയം റോഡിലേക്ക് കയറിയ സ്മിതയുടെ ബൈക്കിൽ ബസിന്റെ മുൻവശം ഇടിക്കുകയായിരുന്നു.
പരിക്കേറ്റ സ്മിതയെ നാട്ടുകാർ ഉടൻ ഇടയാഴത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
അമ്മ: പൊടിയമ്മ ശാമുവൽ. ഭർത്താവ്: ദയാസ് മാത്യു. പിറവം മൊട്ടപ്പറമ്പിൽ കുടുംബാംഗം. മകൾ: ജൂലി സാറാ ദയാസ് മാത്യു. സഹോദരൻ: സുമിത് ഏബ്രഹാം (യുഎസ്എ).
Woman dies tragically after KSRTC bus hits bike

































