കോട്ടയം: ( www.truevisionnews.com ) സര്‍ക്കാരിനെ പിന്തുണച്ച് വീണ്ടും എന്‍എസ്എസ്. സര്‍ക്കാര്‍ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത് എന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലെ കുറിപ്പില്‍ ആയിരുന്നു സുകുമാരന്‍ നായരുടെ വിശദീകരണം.
അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍എസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുവെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
'ബഹുഭൂരിപക്ഷം ഈശ്വര വിശ്വാസികളുടെ വികാരം മനസിലാക്കി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സ്വയമേവ നിലപാട് മാറ്റുകയും അതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ടു തന്നെ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റത്തില്‍ വിശ്വാസികള്‍ സന്തോഷിച്ചു. അതോടൊപ്പം സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആഗോള തലത്തിലുള്ള അയ്യപ്പ വിശ്വാസികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിനായി ഒരു സമ്മേളനം പമ്പയില്‍ വിൡച്ചു കൂട്ടുകയുണ്ടായി.
ആചാര അനുഷ്ഠാനങ്ങള്‍ അതുപോലെ തന്നെ നിലനിര്‍ത്തുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ എന്‍എസ്എസിനും അതില്‍ പങ്കെടുക്കേണ്ട ധാര്‍മിക ഉത്തരവാദിത്തമുണ്ടായി. അപ്പോഴാണ് പ്രക്ഷോഭത്തില്‍ നിന്നും വിട്ടു നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍എസ്എസിന്റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പിനായി രംഗത്തുവന്നത്,' എന്നും സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു.
സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങള്‍ തെറ്റാണെന്നും ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരും കോടതിയും ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട്. അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചാല്‍ എന്‍എസ്എസ് ഇടപെടും. എന്‍എസ്എസ് അംഗങ്ങള്‍ക്ക് രാഷ്ട്രീയമില്ല. ഏതു രാഷ്ട്രീയ നിലപാടും സ്വീകരിക്കാമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
The government changed its stance on the admission of young women so I attended the Ayyappa Sangam NSS supports the government.




























