മാവേലിക്കര: ( www.truevisionnews.com ) എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ നാളെ വിധി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 ക്യംപസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പൂജ പി പി ആണ് വിധി പറയുന്നത്.
2012 ജൂലൈ 16-നാണ് വിശാൽ കൊല്ലപ്പെട്ടത്. ചെങ്ങന്നൂര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനിടെയാണ് വിശാൽ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ എബിവിപി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും വിശാലിനെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ഏഴ് പേർക്കും പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ആശുപത്രിയിലേക്കുള്ള യാത്രമധ്യേ പോപ്പുലർ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് വിശാൽ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയൽ കാർഡും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടെടുത്ത ആയുധങ്ങളും കേസിലെ നിർണായക തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവരാണ് ഹാജരായത്.
ABVP activist Vishal murder case Mavelikkara court to pronounce verdict tomorrow accused are Campus Front activists

































