കോഴിക്കോട്: ( www.truevisionnews.com ) മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ നാടകീയമായി ചോദ്യം ചെയ്ത് പിന്നീട് വിട്ടയച്ച് പൊലീസ്.
ചിത്രം ഷെയർ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും എകെജി സെന്ററിൽ നിന്നുള്ള നിർദേശപ്രകാരമാണ് തന്റെ അറസ്റ്റെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു.
ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് പൊലീസ് വീട്ടിലെത്തിയത്. എന്നെ വിളിച്ചുണർത്തിയത് തന്നെ പൊലീസാണ്, മൊഴിയെടുക്കണം എന്നാണ് ആദ്യം പറഞ്ഞിരുന്നത് പിന്നീടാണ് സ്റ്റേഷൻ വരെ വരണം എന്ന് സി ഐ പറയുന്നത്. അതിനിടെ അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നിരുന്നു.
സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ അദ്ദേഹത്തിന് വീണ്ടും ഒരു കോൾ വന്നു എന്റെ വൈദ്യപരിശോധന നടത്തണം എന്ന് പറഞ്ഞായിരുന്നു അത് അങ്ങിനെയാണ് പരിശോധന നടത്താനായി കൊണ്ട് പോകുന്നത്. ഉന്നത കേന്ദ്രത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് പൊലീസിന്റെ ഈ നാടകം.
അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ യു ഡി എഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണെന്നും ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തുവെന്നും സുബ്രഹ്മണ്യൻ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് എൻ സുബ്രഹ്മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പൊലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്മണ്യനെ സമ്മർദ്ദങ്ങൾക്കൊടുവിൽ വീട്ടിൽ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്മണ്യന്റെ രക്തസമ്മർദ്ദം കുറഞ്ഞതിനെതുടർന്ന് ആശുപത്രിയിൽ തന്നെ നിലനിർത്താൻ ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് ചേവായൂർ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തി. ഇതിനോടകം പൊലീസ് സ്റ്റേഷനിലെത്തിയ കോൺഗ്രസ് പ്രവർത്തകർ പൊലീസിനും സർക്കാരിനുമേതിരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
ഇതിനിടെ പലതവണ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യേറ്റത്തിന്റെ വക്കോളമെത്തി. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്ത പൊലീസിന് ഇരട്ടത്താപ്പെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പൊലീസിനെ സിപിഐഎം തീർത്തും രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ആഭ്യന്തരവകുപ്പിന് ഭ്രാന്ത് പിടിച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ പ്രതികരിച്ചു. എൻ സുബ്രഹ്മണ്യനെ പൊലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നെന്നും പ്രവീൺ കുമാർ ചോദിച്ചു. അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നെന്നും ചേവായൂർ സി ഐ പറഞ്ഞു.
congress leader subramanian released on bail




























