തിരുവനന്തപുരം: ( www.truevisionnews.com ) വിവി രാജേഷിന് ആശംസകൾ അറിയിച്ചുവെന്ന വാർത്തയോട് പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. വിവി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ വിവി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാമെന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു.
താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ- അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്നും വാർത്ത തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പിൽ പറയുന്നു.
chief minister s office responded to greetings to trivandrum mayor vv rajesh



























