കൽപറ്റ: ( www.truevisionnews.com ) വയനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ വർഗീയ പരാമർശവുമായി സിപിഎം പ്രവർത്തകർ. തിരുനെല്ലിയിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ഇത്. മുക്കാൽമുറിയൻ എന്ന് വിളിച്ചായിരുന്നു ലീഗ് പ്രവർത്തകർക്കെതിരെ അധിക്ഷേപ- വർഗീയ പരാമർശം.
ലീഗുകാരെ നമ്പണ്ടാ, അവസരവാദിയെ നമ്പണ്ടാ, മുക്കാൽമുറിയനെ നമ്പണ്ടാ എന്നായിരുന്നു മുദ്രാവാക്യത്തിലെ പരാമർശങ്ങൾ. തിരുനെല്ലി നരിക്കൽ അഞ്ചാം വാർഡിലെ പ്രവർത്തകരാണ് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ വർഗീയപരാമർശം നടത്തിയത്.
മുദ്രാവാക്യം വിളിച്ച് റോഡിൽ നിന്ന് സിപിഎം പ്രവർത്തകർ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷം പോലുമില്ലാതെ സിപിഎം ഒറ്റയ്ക്ക് ഭരിച്ചിരുന്ന പഞ്ചായത്താണ് തിരുനെല്ലി. എന്നാൽ, 17 സീറ്റുള്ള പഞ്ചായത്തിൽ ഇത്തവണ മൂന്ന് വാർഡുകൾ അവർക്ക് നഷ്ടമായിരുന്നു.
ഇതിൽ രണ്ടിടത്ത് യുഡിഎഫും ഒരു വാർഡിൽ ബിജെപിയുമാണ് വിജയിച്ചത്. ഇതോടെയാണ്, ഇന്നലെ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മോശം പരാമർശം നടത്തിയത്. അധിക്ഷേപ- വർഗീയ പരാമർശത്തിൽ സിപിഎം പ്രവർത്തകനെതിരെ പരാതി നൽകുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു.
Communal abuse, CPM, victory celebration in Wayanad


































