കൊച്ചി: ( www.truevisionnews.com ) നടിയെ ആക്രമിച്ച കേസ് വിധിന്യായവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിധിന്യായം വായിക്കണമെന്ന് കോടതി. കേസ് തുടങ്ങിയ കാലം മുതൽ അനാവശ്യ കാര്യങ്ങൾ നിക്ഷിപ്ത താൽപര്യത്തിൻ്റെ പേരിൽ കോടതിക്കകത്തും പുറത്തും പലരും ഉന്നയിച്ചു.
കമൻ്റ് പറയണം എന്ന് നിർബന്ധമുള്ള എല്ലാവരും വിധിന്യായം വായിക്കണം. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം വിധിന്യായത്തിലുണ്ടാവുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹണി എം വർഗീസിൻ്റെ ഭൂതകാലം തിരയേണ്ടവർ തിരഞ്ഞോളൂ, പക്ഷേ കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രവർത്തനം ഉണ്ടാകരുതെന്ന് തുടക്കത്തിൽ കോടതി കർശന താക്കീത് നൽകിയിരുന്നു.
അതേസമയം , ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിലാണ് പൾസർ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ദില്ലിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു.
കുറഞ്ഞ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നിരത്തിയ വാദത്തെ തള്ളി സംസാരിച്ച കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തന്നെ കോടതി ഒരു ഘട്ടത്തിൽ ചൂണ്ടിക്കാട്ടി. പൾസർ സുനിയല്ലേ കേസിലെ യഥാർത്ഥ പ്രതിയെന്നും മറ്റ് പ്രതികൾ കൃത്യത്തിന് കൂട്ടുനിന്നവരല്ലേയെന്നും കോടതി ആരാഞ്ഞു.
പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്‍റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വാദം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ഒരു തരത്തിലുമുള്ള കരുണ പൾസർ സുനിയോട് കാണിക്കേണ്ടതില്ലെന്ന സൂചനകൾ നൽകിയായിരുന്നു കോടതി പ്രതികരണം.
Actress attack case: Everyone should read the verdict, says court


































