കോഴിക്കോട്: ( www.truevisionnews.com ) സൈബർ ആക്രമണം നടത്തിയാൽ ഭീരുക്കളായി പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബർ വെട്ടുകിളികൾക്ക് വെട്ടുകിട്ടിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. അങ്ങനെ പേടിച്ച് പിന്മാറാത്തവരും പാർട്ടിയിൽ ഉണ്ടെന്ന് മനസിലാക്കിയില്ലെയെന്നും ഉണ്ണിത്താൻ.
വെട്ടുകിളി കൂട്ടങ്ങൾ കൂലിത്തൊഴിലാളികളാണ്. അവർ ദിവസ കൂലിക്കാരാണ്. അവരെകൂടി കണ്ടെത്തി പുറത്താക്കണം. അവർ പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുകയാണ്. രാഹുലിനെതിരെ നിലപാടെടുത്ത കോൺഗ്രസ് നേതാക്കളെ സൈബർ അക്രമത്തിലൂടെ കീഴടയ്ക്കാം എന്ന് ചിന്തിച്ച കുറേ അധികം പേരുണ്ട്.
ഇത്തരം ആളുകളെ കോൺഗ്രസിൽ വെച്ച് പുറപ്പിച്ചാൽ പാർട്ടിയെ ഹൈജാക്ക് ചെയ്യും. അത്തരം ആളുകളെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം. ഇനി ഒരു കോൺഗ്രസ് നേതാവിന് കോൺഗ്രസിനകത്ത് നിന്ന് സൈബർ അറ്റാക്ക് ഉണ്ടാകരുത്. രാഹുലിനെ പുറത്താക്കാൻ നേരത്തെതന്നെ പാർട്ടി തീരുമാനം എടുത്തിരുന്നു. എടുത്ത തീരുമാനത്തിന് കൂട്ടായ ആലോചനയ്ക്ക് വേണ്ടിയാണ് ഒരു ദിവസം വൈകിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ല.
രാഹുലിന്റെ സംഘടന പ്രവർത്തനത്തിലെ മികവ് പരിഗണിച്ചു. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഷാഫി പറമ്പിലും കൈവിട്ടിരിക്കുകയാണ്. രാഹുലിന് വ്യക്തിപരമായ പിന്തുണയല്ല നൽകിയത്. പരാതി കിട്ടിയപ്പോൾ തന്നെ പാർട്ടി നടപടി സ്വീകരിച്ചതാണ്. കോൺഗ്രസ് എടുത്ത നടപടി മറ്റു പാർട്ടികൾ ഇതുവരെ എടുത്തിട്ടില്ല. പാർട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും രാഹുലിന്റെ ക്രിമിനൽ സ്വഭാവം ഉള്ള പരാതി രേഖ മൂലം കിട്ടിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
rajmohan unnithan on rahul

































