കോഴിക്കോട്: ( www.truevisionnews.com ) ആരോപണത്തിന് പിന്നാലെ സാംസ്കാരിക സാഹിതി ഗ്രൂപ്പിൽ നിന്നും നീക്കിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. വ്യക്തിപരമായ വിദ്വേഷത്തെ തുടർന്നാണ് നടപടിയെന്നും ഷഹനാസ് ആരോപിച്ചു.
അതിൽ പ്രതികരിച്ചതിന് പിന്നാലെ വീണ്ടും വാട്സാപ് ഗ്രൂപ്പിൽ ആഡ് ചെയ്തു. ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞ് പോലും സോഷ്യൽ മീഡിയയിൽ മെസേജ് വന്നു. ഷാഫിക്ക് അറിയാമായിരുന്നു എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ഷഹനാസ് ആവർത്തിച്ചു വ്യക്തമാക്കി.
സൈബർ ബുള്ളിയിങ്ങിൽ നിയമപരമായി മുന്നോട്ടുപോകും. ഷാഫി മറുപടി പറഞ്ഞാൽ മാത്രം ഇനി തുടർ നടപടിയെന്നും ഷഹനാസ് വ്യക്തമാക്കി. കോൺഗ്രസിൻ്റെ ഔദ്യോഗിക ഭാരവാഹി അല്ലെന്ന് ഡിസിസി പ്രസിഡൻ്റ് വരെ പറഞ്ഞു. അത് പറയേണ്ടത് സംസ്കാര സാഹിതിയാണ്.
കോൺഗ്രസിനെ കുറ്റപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശ്യമില്ല. ഏതിടത്താണോ നിൽക്കുന്നത് അവിടെ നിന്ന് പ്രതികരിക്കും. രാഷ്ട്രീയത്തിൽ ഒതുക്കിനിർത്തലുകളും മാറ്റി നിർത്തലുകളും ഉണ്ടായി. ഉന്നയിച്ചത് ആരോപണമല്ല നടന്ന കാര്യമാണ്. കൃത്യമായ തെളിവുണ്ട്. ഷാഫി എല്ലാകാലത്തും കുറ്റകരമായ മൗനം പാലിച്ചുവെന്നും ഷഹനാസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയായ എംഎ ഷഹനാസ് ഇന്നലെയാണ് വെളിപ്പെടുത്തൽ നടത്തിയത്. രാഹുൽ തന്നോട് മോശമായി പെരുമാറിയത് ഷാഫിയെ അറിയിച്ചിരുന്നുവെന്നും കർഷക സമരത്തിന് ദില്ലിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ആയിരുന്നു ഷഹനാസിന്‍റെ വെളിപ്പെടുത്തൽ.
ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് രാഹുൽ തന്നോട് പറഞ്ഞതെന്നും ഷഹനാസ് തുറന്നു പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ഷാഫിയെ അറിച്ചു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഷഹനാസിന്‍റെ വാക്കുകള്‍. പാർട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണെന്നും സ്ത്രീയെന്ന രീതിയിൽ അന്ന് തൻ്റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നുമാണ് ഇന്നലെ ഷഹനാസ് പ്രതികരിച്ചത്.
shafi has always maintained a guilty silence ma shahanas

































