തിരുവനന്തപുരം: ( www.truevisionnews.com ) രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഗൗരവമുള്ള വിഷയമാണെന്ന കാര്യത്തിൽ യാതൊരു തർക്കമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആ പെൺകുട്ടി എന്‍റെ വീട്ടിലെയും പെൺകുട്ടിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പാടില്ല . എന്നാൽ, രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നറിയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത്തരം വിഷയങ്ങൾ ബാധിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു തോളിൽ കൈ വെച്ചതിന് നിങ്ങൾ എല്ലാവരും എന്‍റെ ഒറ്റുകാരല്ലേ. ഇപ്പോൾ എന്തായെന്നും ജനങ്ങൾ തീരുമാനിച്ചോ എന്നും സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ചോദിച്ചു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല. അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ നാളെ എന്നാണ് പുറത്തുവരുന്ന സൂചന.
suresh gopi in rahul mamkootathil case

































