തിരുവനന്തപുരം: ( www.truevisionnews.com ) ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂർത്തിയായി. ഒന്നേകാൽ മണിക്കൂറാണു വാദം നീണ്ടത്. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്.
രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. കേസിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു.
രാഹുലിന് ഏറെ നിർണായകമാണ് കേസ്. കോടതിയിൽനിന്ന് നടപടിയുണ്ടാൽ പാർട്ടിയിൽനിന്ന് പുറത്താക്കും, എംഎൽഎ സ്ഥാനം നഷ്ടമാകും. യുവതി പരാതി നൽകി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. രാഹുൽ ബെംഗളൂരുവിൽ ഒളിവിലുണ്ടെന്നാണ് പൊലീസ് പറയുന്നു.
യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ പറയുന്നു. സ്വമേധയാ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നുവെന്നും രാഹുല്‍ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
ഗര്‍ഭധാരണത്തിനു നിര്‍ബന്ധിച്ചുവെന്നും പിന്നീട് അശാസ്ത്രീയമായ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നും പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ജെഎഫ്സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റില്‍ വെച്ച് രണ്ടു തവണയും പിന്നീട് പാലക്കാടു വച്ചും ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.
ബലാത്സംഗദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു.
പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
Sexual harassment case, Rahul Mangkootathil MLA, bail plea, hearing completed

































