തിരുവനന്തപുരം: ( www.truevisionnews.com ) അതിജീവിതയെ കുറിച്ചുള്ള കോൺഗ്രസ് പ്രതികരണങ്ങളിൽ തെളിയുന്നത് അവരുടെ സംസ്കാരമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എല്ലാവരും അതിജീവിതക്കൊപ്പം ഉറച്ചുനിൽക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശിവൻകുട്ടി മുകേഷിന്റെ കേസിനെ സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ കേസെടുത്ത് പൊലീസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. അതിജീവിതയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
മുൻകൂർ ജാമ്യത്തിനായി രാഹുൽ കൊച്ചിയിലെ അഭിഭാഷകരുമായി സംസാരിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ലൈംഗിക പീഡന പരാതി നൽകിയത്. ഒപ്പം ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും കൈമാറി. പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറിയിരുന്നു.
രാഹുലിനെതിരായ ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനിടെയായിരുന്നു ചാറ്റുകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനമെടുത്തിരുന്നത്.
Congress responses to the issue of survival reveal their culture V Sivankutty
































