തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഓൺലൈനായി ആയിരുന്നു യോഗം.
എളമരം കരീം, ആർ. ചന്ദ്രശേഖരൻ, കെ.പി. രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ, റഹ്മത്തുള്ള അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. തൊഴിലാളി പ്രശ്നങ്ങൾ മനസ്സിലാക്കാതെ ഏകപക്ഷീയമായി ലേബർ കോഡ് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനമായി.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്‌ടിയു അടക്കമുള്ള ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗത്തിൽ തീരുമാനമായി. കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകും. സംസ്ഥാന തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ട്രേഡ് യൂണിയൻ നേതാക്കളും ഒരുമിച്ചാകും നിവേദനം നൽക്കുക.
ലേബർ കോഡുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തിരുവനന്തപുരത്ത് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് യോഗത്തിന് പിന്നാലെ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും ലേബർ കോഡിനെ എതിർക്കുന്ന തൊഴിൽ മന്ത്രിമാരുണ്ടെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
ഒരു സംസ്ഥാനത്തിന് മാത്രം പ്രത്യേക നിയമം ഉണ്ടാക്കാനുള്ള സാധ്യത എങ്ങനെയുണ്ടാകും എന്നതടക്കമുള്ള കാര്യങ്ങൾ ഡിസംബറിൽ നടക്കുന്ന കോൺക്ലേവിൽ ചർച്ച ചെയ്യും. നാല് സെക്ഷനുകളിലായിട്ടായിരിക്കും കോൺക്ലേവ് സംഘടിപ്പിക്കുക. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് നിയമം നിർമിക്കുന്നതിൻ്റെ സാധ്യത കോൺക്ലേവ് പരിശോധിക്കുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
kerala labour code protest center withdrawal


























