കോഴിക്കോട്: ( www.truevisionnews.com) താളത്തിൽ മുറുക്കി മലപ്പുലയാട്ടം വേദിയിൽ നിറഞ്ഞാടിയപ്പോൾ കാണികളും ആവേശത്തിമർപ്പിലായി. താളവും ചുവടും പിഴയ്ക്കാതെ മത്സരാർഥികൾ ചുവടുവെച്ചപ്പോൾ ഒന്നാം സ്ഥാനം നേടിയത് മാനാഞ്ചിറ ബിഇഎംഎച്ച്എസ്എസ് സ്കൂളിലെ ടീമാണ്. ഹയർ സെക്കന്ററി വിഭാഗം മത്സരത്തിലായിരുന്നു ഈ നേട്ടം.
അതേസമയം, നിറഞ്ഞ സദസിന് മുന്നിൽ തങ്ങളുടെ നൃത്തരൂപത്തിന് ലഭിക്കുന്ന കൈയ്യടികൾ ഹൃദയത്തിലേറ്റുകയായിരുന്നു . മലപ്പുലയൻ ഗോത്രാംഗങ്ങളും മലപ്പുലയാട്ടം പരിശീലകരായ എം ജഗതീഷും എസ് വിഷ്ണുവും ആർ ശിവയും. രണ്ട് മാസമായിരുന്നു പരിശീലനം.
ഇതിനിടെ നിയ നിക്കോ എന്ന വിദ്യാർഥി പരിശീലനത്തിനിടയിൽ വടിയിൽ ചവിട്ടി വീണിരുന്നു. ഈ വേദനയും കടിച്ചമർത്തിയാണ് ഇന്ന് നിയയും യും സംഗവും ചുവടു വെച്ചതും വിജയം നേടിയതും. മത്സരിച്ച എല്ലാ ടീമുകളും മികച്ച നിലവാരം പുലർത്തുകയും എഗ്രേഡും നേടി.
ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ വിശേഷ ദിവസങ്ങളിൽ മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഗോത്രകലയാണ് മലപ്പുലയാട്ടം.
കട്ട, കിട്ടുമുട്ടി, ചിലങ്ക തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യത്തിനായി ഉപയോഗിച്ചത്. പാട്ടില്ലാതെ താളം കൊണ്ട് മാത്രം ചുവട് വെയ്ക്കുകയാണ് മലപ്പുലയാട്ടം.സ്ത്രീകളും, പുരുഷന്മാരും ഇടകലർന്ന് രണ്ട് കൈകളിലും കോലുകൾ പിടിച്ച് ഒരുപോലെ ചുവടുവെച്ചാണ് നൃത്തം അവതരിപ്പിക്കുന്നത്.
വൃത്താകൃതിയിൽ നിന്ന് ശരീരം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചാണ് കലാകാരന്മാരുടെ ആട്ടം. താളമേളങ്ങളുടെ വേഗത അനുസരിച്ച് നൃത്തത്തിന്റെ വേഗതയും കൂടും.
Kozhikode District Revenue Kalotsavam, Malappulayattam, Mananchira BEMHSS

































