( moviemax.in) മോഹൻലാൽ-ശ്രീനിവാസൻ കോമ്പോയിൽ പിറന്ന സിനിമയാണ് കിളിച്ചുണ്ടൻ മാമ്പഴം. റോം കോം വിഭാഗത്തിൽ പെടുന്ന സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് മോഹൻലാലിനുണ്ടായ ഒരു അനുഭവം ശ്രീനിവാസൻ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്. ശ്രീനിവാസന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ ഷൂട്ടിങ് ചെറുതുരുത്തിയിൽ നടക്കുകയാണ്.
ഷോട്ട് എടുക്കാത്ത സമയത്ത് ഞാനും മോഹൻലാലും കൊച്ചിൻ ഹനീഫയും തിരക്കഥാകൃത്തും എല്ലാവരും കൂടി ഒരു പഴയ വീടിന്റെ പടിക്കൽ ഇരുന്ന് സിനിമയെ പറ്റിയുള്ള കാര്യങ്ങളൊക്കെ സംസാരിക്കുകയായിരുന്നു. ചെറുതുരുത്തിയിൽ ഷൂട്ടിങ് കാണാൻ ആളുകൾ തിക്കും തിരക്കും കൂട്ടി വന്ന് നിൽക്കില്ല. അവിടെ സ്ഥിരമായി ഷൂട്ടിങ് നടക്കുന്ന സ്ഥലമാണ്.
അവിടുത്തെ നാട്ടുകാർ സ്ഥിരമായി ഷൂട്ടിങ് കാണുന്നതും താരങ്ങളെയെല്ലാം കാണുന്നതുമാണ്. അതുകൊണ്ട് തന്നെ ഷൂട്ടിങ് അവർക്ക് ക്രേസ് അല്ല. എന്നിരുന്നാലും ദൂരെ മാറി കുറച്ചുപേർ നിന്ന് ഷൂട്ടിങ് ആകാംഷയോടെ നോക്കുന്നുണ്ട്. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ അക്കൂട്ടത്തിൽ നിന്ന് ഒരുത്തൻ വന്ന് ലാലിന്റെ പള്ളയ്ക്ക് വിരൽ കൊണ്ട് കുത്തിയ ശേഷം ലാലേട്ടാ... ഒന്ന് മൈന്റ് ചെയ്യ് ഞങ്ങളെയൊക്കെ എന്നൊരു ഡയലോഗും പറഞ്ഞു.
ആ കുത്ത് ലാലിന് ശരിക്കും വേദനിച്ചു. മുഖം മാറുന്നത് ഞാൻ കണ്ടു. ഇങ്ങനെയാണോടോ ഒരാളോട് കുശലം ചോദിക്കുന്നത്? ലാൽ തിരിച്ച് ചോദിച്ചു. ഞാൻ നിങ്ങളുടെ ആരാധകനാണെന്ന് അയാൾ മറുപടി പറഞ്ഞു. അത് എന്തെങ്കിലും ആകട്ടെ... ഒരാളോട് കുശലം ചോദിക്കുന്നത് ദേഹത്ത് കുത്തിയിട്ടാണോ എന്നാണ് ഞാൻ ചോദിച്ചത് മോഹൻലാൽ പറഞ്ഞു.
നിങ്ങളോടുള്ള ആരാധന കൊണ്ട് തൊട്ടതല്ലേ എന്നായി അയാൾ. പലചരക്ക് കടയിൽ പോയി അയാളുടെ മോന്തയ്ക്ക് കുത്തിയിട്ട് ഒരു കിലോ പഞ്ചസാര തരൂവെന്ന് പറയുമോ എന്ന് ചോദിച്ചു മോഹൻലാൽ. പലചരക്ക് കടക്കാരനോട് ആരാധനയില്ലെന്നായി അയാൾ. ഇതൊന്നും ശരിയായ നടപടിയല്ലെന്ന് മോഹൻലാൽ പറഞ്ഞു. സത്യത്തിൽ ലാലിന് ശരിക്കും ദേഷ്യം വന്നു. അപ്രതീക്ഷിതമായി കിട്ടിയ കുത്താണല്ലോ.
ലാലിന് ഇഷ്ടപ്പെട്ടില്ല ദേഷ്യം വന്നുവെന്ന് മനസിലായപ്പോൾ അവന്റെ മട്ടും മാറി. ഇത് ഞങ്ങളുടെ നാടാണ് എന്ന് അയാൾ പറഞ്ഞു. അതിൽ ചെറിയൊരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നു. ഞങ്ങൾക്കും ലാലിനും അത് മനസിലായി. ഇവർ തമ്മിലുള്ള സംസാരം കേട്ട് അണിയറപ്രവർത്തകരിൽ മൂന്ന്, നാല് പേർ അവിടേക്ക് വന്നു. വാക്കും തർക്കവും ഉണ്ടാകുമെന്ന് അവർ ഭയന്നു. അയാളെ പറഞ്ഞ് വിടാൻ ശ്രമിച്ചു.
അയാൾ അതോടെ ചൂടായി. കൂട്ടത്തിൽ ഇത് ഞങ്ങളുടെ നാടാണെന്ന് പറഞ്ഞ് ഒരു അട്ടഹാസവും. അണിയറപ്രവർത്തകർ അയാളെ പറഞ്ഞ് വിടാൻ ശ്രമിച്ചു. പുറത്തേക്ക് കൊണ്ടുപോയി. അതോടെ അവൻ ചൂടായി മലയാള സിനിമയെ തന്നെ വെല്ലുവിളിക്കാൻ തുടങ്ങി. പുറത്ത് നിന്ന് വന്ന ആളുകൾ ഞങ്ങളുടെ നാട്ടിൽ വന്ന് ആളാകുന്നോ എന്നൊക്കെ ചോദിച്ച് അവൻ ആക്രോശിച്ചു.
ഇതെല്ലാം പറഞ്ഞ് പോകുന്ന പോക്കിൽ അവൻ ഒരു വാക്കും പറഞ്ഞു. നിങ്ങളാരും അങ്ങനെ ആളാവുകയൊന്നും വേണ്ട. ഇതൊക്കെ ഞങ്ങളുടെ കാശാണെന്ന് ഓർമ വേണം എന്നായിരുന്നു ആ ഡയലോഗ്. ഈ ഡയലോഗ് പലപ്പോഴും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങളാണ് നിങ്ങളെ ജീവിപ്പിക്കുന്നത് എന്നാെക്കെയാണ് ഡയലോഗ്.
പക്ഷെ ഒരു കാര്യം ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായ അസിം പ്രേംജിയോട് ഞങ്ങളുടെയൊക്കെ കാശുകൊണ്ടാണ് നിങ്ങൾ ഇത്രയും വലിയ കോടീശ്വരനായതെന്ന് ആരും പറയില്ല. ബിർലയോടും ടാറ്റയോടും ആരും ഇതൊന്നും പറയില്ലെന്നും ശ്രീനിവാസൻ പറയുന്നു.
Mohanlal - Sreenivasan combo
































.jpeg)
