ശബരിമല : ( www.truevisionnews.com ) സന്നിധാനത്ത് കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്ന് എഡിജിപി എസ്. ശ്രീജിത്ത്. മണ്ഡലകാലം തുടങ്ങി ആദ്യ രണ്ട് ദിവസത്തിൽ തന്നെ ഒരു ലക്ഷത്തിൽ അധികം തീർഥാടകർ വന്നിരിക്കുകയാണ്.
ഒന്നാമത്തെ ദിവസം വൈകിട്ട് കഴിഞ്ഞ വർഷം 29,000 പേരാണ് തീർഥാടനത്തിന് വന്നതെങ്കിൽ ഇത്തവണ 55,000 പേരാണ് എത്തിയത്. ഇതിന്റെ ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
‘‘വന്നവരെ പറഞ്ഞുവിടാൻ പറ്റാത്തതു കൊണ്ട് സ്പോട്ട് ബുക്കിങ് കൊടുക്കുകയാണ്. നിലയ്ക്കലുള്ള സ്പോട്ട് ബുക്കിങ് ക്വാട്ട കഴിഞ്ഞാൽ പിറ്റേ ദിവസമേ ദർശനം കിട്ടൂവെന്ന് ജനങ്ങൾ അറിയണം. അന്നന്ന് ദർശനം വേണമെന്നു നിർബന്ധം പിടിക്കരുത്.
ഹോൾഡിങ് കപ്പാസിറ്റിക്ക് ഒരു പരിധിയുണ്ട്. ശബരിമല ഒരു കാനന പ്രദേശമാണ്. ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് മനസ്സിലാക്കണം. ഒരു ദിവസത്തേക്ക് വെർച്വൽ ക്യൂ പാസ് എടുത്ത ഭക്തർ മറ്റൊരു ദിവസമാണ് വരുന്നത്. ഡിസംബർ 5ന് ബുക്ക് ചെയ്തിട്ട് ഇന്ന് വരുന്നവരുണ്ട്’’ – എസ്.ശ്രീജിത്ത് പറഞ്ഞു.
‘‘വന്നവരെ തിരിച്ചുവിടുന്നത് അവർക്കും ഞങ്ങൾക്കും ബുദ്ധിമുട്ടാണ്. ഭഗവാൻ തന്നെ ഒരു പരിഹാരം ഉണ്ടാക്കും. ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
കൊടുത്തിട്ടുള്ള വഴിയിൽ അല്ലാതെ കയറി വരുന്നവരെ എത്രയും വേഗം ദർശനത്തിനു കയറ്റി മടക്കി അയക്കും. അതോടെ പ്രശ്നങ്ങൾക്കു പരിഹാരമാകും എന്നാണ് കരുതുന്നത്. ഭക്തജനങ്ങളോട് ബലം പ്രയോഗിക്കാനാകില്ല. ഇന്ന് ഉണ്ടായ ബുദ്ധിമുട്ട് തരണം ചെയ്യും’’ – ശ്രീജിത്ത് പറഞ്ഞു.
ADGP S. Sreejith, Flock of devotees at Sabarimala



























