ആലപ്പുഴ: ( www.truevisionnews.com) പിതാവിന്റെ വലതു തോളിൽ വെട്ടി മുറിവേല്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. 2018 മുതൽ ഒളിവിൽ കഴിഞ്ഞുവന്ന വള്ളികുന്നം വില്ലേജിലെ കടുവിനാൽ മുറിയിൽ വില്ലകത്ത് വീട്ടിൽ അജേഷിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബർ 18 ന് വീട്ടിലിരുന്ന് മദ്യപിച്ച് ബഹളമുണ്ടാക്കിയത് പിതാവ് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം വീട്ടിൽ കിടന്ന വെട്ടുകത്തിയെടുത്ത് പിതാവിന്റെ വലതു തോളിൽ വെട്ടി മുറിവേൽപ്പിക്കുകയായിരുന്നു . ഭയന്ന് മുറ്റത്തേക്ക് ഓടിയ പിതാവിനെ പിന്തുടർന്നെത്തിയ പ്രതി വീണ്ടും തലയുടെ ഉച്ചി ഭാഗത്തും വെട്ടി മുറിവേല്പിച്ചു.
വള്ളികുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അജേഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതാണ്. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിക്കെതിരെ കോടതി ലോങ് പെൻഡിങ് വാറണ്ട് ഉത്തരവിട്ടിരുന്നു.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്ത് ഒളിച്ചു താമസിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയാണ് വള്ളികുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Accused arrested in Alappuzha case of stabbing and injuring father
































