തിരുവനന്തപുരം: (https://truevisionnews.com/) പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. പത്ത് വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും കെ പത്മരാജന്‍ അനുഭവിക്കണം. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്.
അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിനാണ് കൈമാറിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ.
എന്നാൽ, പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15ന് ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
പോക്സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്കു മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
Palathai rape case, K Padmarajan dismissed from job by Education Department



























