(moviemax.in) ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിലേക്ക് മടങ്ങിയെത്തുന്നു. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആക്ഷൻ–ഡ്രാമാ പ്രോജക്റ്റായ ‘L365’ ന്റെ ഒരുക്കങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ‘തുടരും’, ‘എമ്പുരാൻ’ തുടങ്ങിയ ചിത്രങ്ങളിലെ വിജയം പിന്നിൽ നിർത്തി, മറ്റൊരു വമ്പൻ കഥാപാത്രവുമായി ലാലേട്ടൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുന്നു.
ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരമനുസരിച്ച്, ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ ബിനു പപ്പു, ‘L365’ ൽ ക്രിയേറ്റീവ് ഡയറക്ടറായി ചേർന്നിട്ടുണ്ട്. ഡാൻ ഓസ്റ്റിൻ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
‘തല്ലുമാല’, ‘വിജയ് സൂപ്പറും പൗർണമിയും’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ അനുഭവമാണ് സംവിധാനത്തിന് കരുത്തേകുന്നത്. രതീഷ് രവി രചന ചെയ്യുന്ന കഥ-തിരക്കഥ-സംഭാഷണമാണ് ചിത്രത്തിന്റെ നട്ടെല്ല്.
‘അടി’, ‘ഇഷ്‌ക്’ എന്നിവയ്ക്ക് ശേഷം രതീഷ് രവി ഒരുക്കുന്ന ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണ് ‘L365’. ‘തന്ത വൈബ്’, ‘ടോർപീഡോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രവുമാണിത്.
സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ‘L365’ ചർച്ചയായി കഴിഞ്ഞു. പുറത്തിറങ്ങിയ പോസ്റ്ററിൽ, വാഷ് ബേസിൻ കണ്ണാടിയിൽ ചിത്രത്തിന്റെ പേര് എഴുതിയിരിക്കുന്നതും സമീപത്ത് തൂങ്ങിയിരിക്കുന്ന പോലീസ് യൂണിഫോമും ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ് ബാനറിൽ മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘L365’ നെ വ്യത്യസ്തമാക്കുന്നു. ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് നിർമാണസംഘം അറിയിച്ചു. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിനാണ് “സ്റ്റൈലിഷ് കാക്കി ധരിച്ച് ലാലേട്ടൻ എപ്പോഴാണ് വീണ്ടും എത്തുന്നത്?”
L365 Movie, Mohanlal, Aashiq Usman Productions, Police Role

































