---
title: "എൻ്റെ ഭാഗ്യത്തിന് വായില്‍ തെറി വന്നില്ല, ആ സംഭവം ഇങ്ങനെ, തങ്കച്ചന്‍ വിതുര  പറയുന്നു "
english_title: "Now, Thankachan Vithura's new interview is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/32469/now-thankachan-vithuras-new-interview-is-going-viral-on-social-media"
published_at: "2022-03-18T11:42:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623423232c2c0_thankachan.jpg"
keywords: []
---

# എൻ്റെ ഭാഗ്യത്തിന് വായില്‍ തെറി വന്നില്ല, ആ സംഭവം ഇങ്ങനെ, തങ്കച്ചന്‍ വിതുര  പറയുന്നു 

> **Lead Summary:** സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയനായ നടന്‍ തങ്കച്ചന്‍ വിതുരയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയിരുന്നു.

## Article Content

സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയനായ നടന്‍ തങ്കച്ചന്‍ വിതുരയുടെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയിരുന്നു.

അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് മമ്മൂക്കയുടെ അപ്രതീക്ഷിതമായിട്ടുള്ള വിളി വന്നതെന്ന് തങ്കച്ചന്‍ പറഞ്ഞത്. അന്ന് ഉറക്കപ്പിച്ചിലായിരുന്ന താൻ അദ്ദേഹത്തെ തെറി വിളിക്കാതിരുന്നത് തൻ്റെ ഭാഗ്യമാണെന്നും പിന്നീട് ഒരു സിനിമയിൽ അഭിനയിക്കാനുള്ള അവസരം പോലും തന്നുവെന്നും താരം പറയുന്നു. 

'മമ്മൂക്കയുമായി അടുത്ത ബന്ധമുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള ഒരു പ്രോഗ്രാം നടക്കുകയാണ്. അതൊരു ഓണം സ്പെഷ്യല്‍ പ്രോഗ്രാമാണ്. അവിടുന്ന് എന്നെ കണ്ട മമ്മൂക്ക ഇതാരാണെന്നും ഇയാളെന്തിനാണ് ജുബ്ബ ഇട്ടിരിക്കുന്നതെന്നുമൊക്കെ ചോദിച്ചു. അങ്ങനെ പരിചയപ്പെട്ടു. അതൊക്കെ കഴിഞ്ഞ് പോന്നതിന് ശേഷം പിന്നീടെനിക്കൊരു ഫോണ്‍ വന്നു. ഞാന്‍ റിഹേഴ്‌സല്‍ ഒക്കെ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങുകയായിരുന്നു.

മമ്മൂക്കയുടെ കൂടെയുള്ള സോഹന്‍ലാല്‍ ചേട്ടനാണ് വിളിക്കുന്നത്. 'നിങ്ങളെന്താണ് മമ്മൂക്ക വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത്' എന്ന് പറഞ്ഞു. വെളുപ്പിന് മൂന്ന്, നാല് മണിവരെ റിഹേഴ്‌സലൊക്കെ കഴിഞ്ഞ് വന്ന് ഉറങ്ങുമ്പോള്‍ അങ്ങനൊരു ഫോണ്‍ വന്നാല്‍ വിശ്വസിക്കാന്‍ പറ്റില്ല.

മിമിക്രി ആര്‍ട്ടിസ്റ്റ് ആയ എന്റെ ഒരു സുഹൃത്ത് ടിനി ടോം ചേട്ടന്റെയും മമ്മൂക്കയുടെയും ശബ്ദത്തില്‍ വിളിച്ച് എന്നെ പറ്റിക്കും. ഞാന്‍ അവനെ വഴക്കും പറയാറുണ്ട്. അയാള്‍ ആയിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്.

പെട്ടെന്ന് സോഹന്‍ലാല്‍ ചേട്ടന്‍ മമ്മൂക്കയുടെ കൈയ്യില്‍ കൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ കൊടുത്തു. ഫോണ്‍ എടുത്തതും മമ്മൂക്ക ചോദിച്ചു, 'തങ്കച്ചന്‍ അല്ലേ, ഞാന്‍ വിളിച്ചിട്ട് എന്താണ് ഫോണ്‍ എടുക്കാത്തത്. ഇയാളുടെ നമ്പര്‍ അല്ലേ' എന്ന് ചോദിച്ചു.

പിന്നെ ഞാന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ദൈവ ഭാഗ്യത്തിന് വായില്‍ ഒന്നും വന്നില്ല. ഞാന്‍ തെറിയൊന്നും പറഞ്ഞില്ല. സാധാരണ പറ്റിക്കാന്‍ വിളിക്കുന്നവനെ ഞാന്‍ തെറി പറയാറുള്ളതാണെന്നും തങ്കച്ചന്‍ വ്യക്തമാക്കുന്നു.

ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നീട് നാളെ വെളുപ്പിനുള്ള വണ്ടിയ്ക്ക് വരണം. സംവിധായകന്റൈ പേര് പറഞ്ഞു. എന്നെയും വന്ന് കാണണം എന്നൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് വിശ്വാസം വന്നത്. പരോള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് എന്നെ വിളിച്ചത്. അവിടെ പോയി എല്ലാവരെയും പരിചയപ്പെട്ടു.

സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്റര്‍ക്കും ഒപ്പമാണ് ഞാന്‍ മമ്മൂക്കയുടെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടത്. അന്ന് രണ്ടാമത്തെ നിലയില്‍ ബെര്‍മൂഡ ഇട്ട രണ്ട് കാലുകള്‍ കണ്ടിരുന്നു. അത് ദുല്‍ഖര്‍ സാറിന്റേതാണെന്ന് ഉറപ്പാണ്. അങ്ങനെ നല്ലൊരു സ്‌നേഹമാണ് മമ്മൂക്കയില്‍ നിന്നും ലഭിച്ചതെന്നും തങ്കച്ചന്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/32469/now-thankachan-vithuras-new-interview-is-going-viral-on-social-media)