(moviemax.in) ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തിയ 'കൂടൽ' സിനിമയുടെ ട്രോളുകളിൽ പ്രതികരിച്ച് നടൻ തന്നെ രംഗത്ത്. സിനിമ കണ്ടവരാരും നെഗറ്റീവ് പറഞ്ഞിട്ടില്ലെന്നും ചിത്രം കാണാത്തവരാണ് ഇതുപോലെ മോശം ട്രോളുകൾ ചെയ്യുന്നതെന്നും നടൻ പറഞ്ഞു. തന്റെ ചെറുപ്പത്തില്‍ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെ എത്തിയതെന്നും നടൻ കൂട്ടിച്ചേർത്തു.
'എന്റെ ചെറുപ്പത്തില്‍ ഇതിലും വലിയ പരിഹാസം കേട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. ട്രോളുകള്‍ വരട്ടെ. അതൊന്നും വിഷയമുള്ള കാര്യമല്ല', ബിബിൻ ജോർജ് പറഞ്ഞു. 'പാവങ്ങളുടെ ചാര്‍ലി', 'ഇത് ചാർളി അല്ല ചളി', 'ചാർളി 144p', 'ഇത് കാണുന്ന ദുൽഖറിന്റെ അവസ്ഥ', 'ഇവനെക്കൊണ്ട് ഒന്നും നടക്കില്ല ഇത്', എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്.
ചിത്രത്തിലെ ബിബിന്റെ കഥാപാത്രത്തിന് ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയുമായുള്ള സാമ്യതയായിരുന്നു ട്രോളുകളുടെ അടിസ്ഥാനം. ബിബിന്റെ ലുക്കും ഡയലോഗുകളുമെല്ലാം ചാര്‍ലിയെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് ചാര്‍ലി. ചിത്രത്തില്‍ അട്ടപ്പാടിയെക്കുറിച്ച് ബിബിന്‍ വിവരിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ട്രോളുകൾ സജീവമായത്. ചിത്രത്തിലെ ഓരോ ഡയലോഗുകളും കടുത്ത പരിഹാസം നേരിട്ടിരുന്നു.
ഷാനു കാക്കൂരും ഷാഫി എപ്പിക്കാടും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം. ഇരുവരുടേയും ആദ്യ സിനിമയായിരുന്നു കൂടല്‍. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേർ അട്ടപ്പാടിയിലെ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് കൂടൽ.
Koodal, movie trolls, Bibin George

































