( moviemax.in) പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ഷോർട്ട് ഫിലിം 'ആരോ'യുടെ പോസ്റ്റർ പുറത്തിറങ്ങി. ഒരു കയ്യിൽ സിഗരറ്റും കട്ടൻ ചായയുമായി മഞ്ജു വാര്യയറിനെ നോക്കി നിൽക്കുന്ന ശ്യാമപ്രസാദാണ് പോസ്റ്ററിൽ. പഴയ രഞ്ജിത്തിന്റെ സിനിമകളുടെ ഒരു ഫീൽ ഈ പോസ്റ്ററിൽ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറെ നാളുകൾക്ക് ശേഷമാണ് രഞ്ജിത്ത് ഒരു ചിത്രവുമായി എത്തുന്നത്.
മംഗലശേരി നീലകണ്ഠന്റെ ഹാങ്ങോവറിൽ ഈ പ്രണയകാവ്യം കൂടി ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ആദ്യമായിട്ടാണ് രഞ്ജിത്ത് ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഷോർട്ട് ഫിലിം ചെയ്യുന്നത്.
മമ്മൂട്ടി നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരു പ്രോജക്ട് ആലോചനയിൽ ഉണ്ടായിരുന്നതാണ്. അതേസമയം മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രം ആയിരുന്നു അത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഷോർട്ട് ഫിലിമിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ബിജിബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് രഞ്ജിത്ത് അമ്പാടി.
poster of the short film 'Aaro' is out



































