( moviemax.in) മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെക്കുകയാണ്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയ നായികയായി അരങ്ങേറുന്നത്. സിനിമയുടെ പൂജ ചടങ്ങ് ഇന്ന് കൊച്ചിയിൽ നടന്നു. മലയാള സിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചെത്തി വലിയ ആഘോഷമായാണ് സിനിമയുടെ പൂജ നടന്നത്. പൂജ ചടങ്ങിൽ നിന്നുള്ള സുചിത്ര മോഹൻലാലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ മക്കൾ രണ്ട് പേരും സിനിമയിൽ എത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ഈ വർഷം തങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു.
'മോഹൻലാലിന്റെ ഭാര്യ എന്നതിനേക്കാൾ വിസ്മയയുടെ അമ്മ എന്ന രീതിയിൽ അല്ലേ എനിക്ക് അവളെ ഉപദേശിക്കാൻ പറ്റുകയുള്ളൂ. പറയാനുള്ളത് എല്ലാം ഞാൻ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്. വളരെ അഭിമാനം തോന്നുന്ന നിമിഷമാണ് എനിക്ക്. തുടക്കം എന്ന സിനിമയിലൂടെ എന്റെ മകൾ സിനിമ എന്ന ലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ്. ഞാൻ ഇവിടെ നിൽക്കുമ്പോൾ എനിക്ക് വർഷങ്ങൾക്ക് മുന്നേയുള്ള ഒരു ഫ്ലാഷ് ബാക്ക് സീനാണ് ഓർമ വരുന്നത്. അപ്പുവും മായയും വളരെ ചെറുതായിരിക്കുമ്പോൾ വീട്ടിൽ ഒരു ഹോം ഫിലിം ചെയ്തിരുന്നു ആൻഗിറി മായ. അതിൽ അപ്പു സംവിധായകനും നടനുമാണ്, മായ മെയിൻ ക്യാരക്ടർ ചെയ്യും. ഞാൻ ക്യാമറയുടെ പിന്നിൽ ആയിരുന്നു.
അന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല രണ്ടു പിള്ളേരും സിനിമയിലേക്ക് എത്തുമെന്ന്. ഈ കൊല്ലം തന്നെ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ചേട്ടന് ദാദ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു, അപ്പുവിന്റെ ഡീയസ് ഈറെ റീലീസ് ആണ്. എല്ലാ കൊല്ലവും പടം വരുന്നുണ്ട് എങ്കിൽ അപ്പുവിന്റെ കാര്യത്തിൽ അത് ഒരു പ്രധാന ദിവസമല്ല. പക്ഷെ ഇവൻ രണ്ട് കൊല്ലത്തിൽ ഒരു പടമാണ് ചെയ്യുന്നത്. ഡീയസ് ഈറെ ടീമിനെയും അഭിനന്ദിക്കുകയാണ് ഈ വേളയിൽ.
ജൂഡ് ആയിട്ട് രണ്ട് മൂന്ന് കൊല്ലം മുന്നേ സംസാരിച്ചിരുന്നു, ജൂഡ് രണ്ട് കഥകൾ കൊണ്ട് വന്നു. അത് നമുക്ക് വർക്ക് ആയില്ല. പിന്നെ തുടക്കം സിനിമ കൊണ്ട് വന്നപ്പോൾ എനിക്ക് ഇഷ്ടമായി, ഞാൻ ആന്റണിയോട് ഈ കാര്യം പറഞ്ഞു. കഥ കേട്ടപ്പോൾ ആന്റണി ചോദിച്ചു 'ചേച്ചി ആരാണ് ഇത് പ്രൊഡ്യൂസ് ചെയ്യാൻ പോകുന്നത്' എന്ന്. ഞാൻ ആന്റണിയോട് പറഞ്ഞു എന്ത് ചോദ്യമാണ് ഇത് ആന്റണി തന്നെ ആശിർവാദ് സിനിമാസ് ചെയ്യുമെന്ന്. തുടക്കം സിനിമയിലെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും വിജയം ആശംസിക്കുന്നു,' സുചിത്ര മോഹൻലാൽ പറഞ്ഞു.
'I didn't think my two children would be in films, this year is our favorite'; Suchitra Mohanlal



































