( moviemax.in) നായകനായും വില്ലനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഷറഫുദ്ദീനെ പലരും ഓര്‍ക്കുന്നത് പ്രേമത്തിലെ ഗിരിരാജൻ കോഴിയായിട്ടായിരിക്കും. ഒപ്പം 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'എന്ന ഡയലോഗും. വര്‍ഷങ്ങൾക്ക് ശേഷം ചിത്രത്തിലെ രംഗത്തെ ഓര്‍മിപ്പിക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ.
തന്റെ ഏറ്റവും പുതിയ സിനിമയായ പെറ്റ് ഡിറ്റക്റ്റീവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടൻ കഴിഞ്ഞ ദിവസം റാസൽ ഖൈമയിൽ എത്തിയിരുന്നു. അവിടെ നിന്നും പ്രേമത്തിലെ തന്റെ ഹിറ്റ് ഡയലോഗിനൊപ്പം ഷറഫുദ്ദീൻ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയുടെ താഴെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി കമന്‍റുകളാണ് നിറയുന്നത്.
''റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഇപ്പോഴും ഒറ്റക്കാണ്, ഇനി കളി റാസൽ ഖൈമയിൽ, രാജകുമാരൻ എഗൈൻ ബാക്ക് ടു ഹോം,ഒരു ചിക്കൻ സമൂസ, സോറി സർ കോഴി ഐറ്റംസ് ഒന്നും ഇവിടെ ഇല്ല ,ഇപ്പോഴാണ് ശരിയായത്.. ഇല്ലെങ്കിൽ നാട്ടുകാർ പറയും ഗിരിരാജൻ കള്ളം പറഞ്ഞതാണെന്ന് '' എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.
2015 മേയ് 29ന് തിയറ്ററുകളിലെത്തിയ പ്രേമത്തിലെ ഷറഫുദ്ദീൻ അവതരിപ്പിച്ച ഗിരിരാജൻ കോഴി എന്ന കഥാപാത്രം ഹിറ്റായിരുന്നു. അനുപമ പരമേശ്വരൻ അവതരിപ്പിച്ച മേരിയുടെ പിറകെ നടക്കുന്ന ഗിരിരാജൻ കോഴി ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ കഥാപാത്രമായിരുന്നു. ഷറഫുവിന്‍റെ എല്ലാ ഡയലോഗുകളും ഹിറ്റായിരുന്നുവെന്ന് മാത്രമല്ല, ഇപ്പോഴും നമ്മളിൽ ഭൂരിഭാഗം പേരും നിത്യജീവിതത്തിൽ പോലും ആ ഡയലോഗുകൾ ഉപയോഗിക്കാറുണ്ട്.
sharafudheen premam dialogue goes viral


































