( moviemax.in) നടനായും സ്റ്റേജ് ആർട്ടിസ്റ്റായും വലിയ ജനപ്രീതി നേടിയ രമേശ് പിഷാരടി തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടനാണ്. കോമഡി താരമായാണ് ശ്രദ്ധ നേടിയതെങ്കിലും ജീവിതത്തിൽ രമേശ് പിഷാരടി ഗൗരവക്കാരനാണ്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമാണ് രമേശ് പിഷാരടി. രാഷ്ട്രീയ, സാഹിത്യ വിഷയങ്ങളിലെല്ലാം അറിവുള്ള രമേശ് പിഷാരടി നന്നായി സംസാരിക്കുന്ന ആളുമാണ്. എന്നാൽ ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിൽ നടന് വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഒരിക്കൽ തെറ്റിദ്ധരിക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് പിഷാരടിയിപ്പോൾ. ഞാൻ ദുബായിലായിരുന്നു. എന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷിച്ചു. നാട്ടിലേതുമായി ഒന്നര മണിക്കൂറോളം സമയ വ്യത്യാസമുണ്ട്. ഞാൻ പോസ്റ്റ് ചെയ്ത് കിടന്നുറങ്ങി. നാല് മണിയായപ്പോൾ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഷാജോൺ ചേട്ടൻ വിളിക്കുന്നു. ഇങ്ങനെ അപകടമുണ്ടായി, മഹേഷ് കുഞ്ഞുമോന് പരിക്കുണ്ട്, കൊല്ലം സുധി മരണപ്പെട്ടു എന്ന് പറഞ്ഞു. സുധിയുടെ ബോഡി എറണാകുളത്ത് പൊതുദർശനത്തിന് വെക്കണോ എന്നൊരു ചർച്ച വന്നു.
കല്യാണം നടക്കുന്ന ഓഡിറ്റോറിയങ്ങൾ പൊതുദർശനത്തിന് കിട്ടാറില്ല. ഞാൻ ദുബായിൽ ഇരുന്ന് എംഎൽഎ, എംപി വിളികളാണ്. ഓഡിറ്റോറിയത്തിനുള്ള ശ്രമങ്ങൾ നടത്തുന്നു. പക്ഷെ ബോഡി ഇവിടെ വെക്കേണ്ടെന്ന് തീരുമാനമാകുന്നു. ഇതും കഴിഞ്ഞ് ഞാൻ വെറുതെ ഫേസ്ബുക്ക് എടുത്ത് നോക്കിയപ്പോൾ കൂട്ടുകാരൻ മരിച്ച് കിടക്കുമ്പോഴാണോ പിറന്നാൾ ആഘോഷിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിന്റെ താഴെ കടൽ പോലെ ചീത്ത വിളി വരുന്നു. ഞാൻ ഡിലീറ്റ് ചെയ്ത് കളഞ്ഞെന്നും രമേശ് പിഷാരടി പറഞ്ഞു. കാൻ ചാനൽ മീഡിയയിൽ സംസാരിക്കുകയായിരുന്നു നടൻ.
2023 ലാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരിക്കുന്നത്. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് കൊല്ലം സുധി വലിയ ജനശ്രദ്ധ നേടുന്നത്. ഇന്നും ആരാധകർക്ക് കൊല്ലം സുധിയെ മറക്കാനായിട്ടില്ല. ആത്മസുഹൃത്തായ ധർമ്മജനെക്കുറിച്ചും രമേശ് പിഷാരടി സംസാരിക്കുന്നുണ്ട്. പച്ചയായ മനുഷ്യനാണ് ധർമ്മജൻ. കപടമായി അഭിനയിക്കില്ല. നമ്മളില്ലാത്തപ്പോൾ അവൻ നമ്മളെ പറ്റി കുറ്റം പറയില്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്. അതുകൊണ്ട് തന്നെ വലിയ കാര്യമാണ്. വർത്തമാന കാലത്ത് മത്സരത്തിനില്ലാത്ത ആളാണ് ധർമ്മജൻ. അത്യാവശ്യം ഭക്ഷണം കഴിക്കുക, ഉറങ്ങുക, സ്വസ്ഥമായി ഇരിക്കുക എന്ന രീതിയാണ്. ഇതിനിടയിൽ വന്ന് കിട്ടുന്നതെല്ലാം ബോണസാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
Ramesh Pisharody talks about being misunderstood on social media

































