( moviemax.in) അഭിപ്രായങ്ങൾ തുറന്ന് പറയുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും വിവാദ പരാമർശങ്ങളുടെ പേരിൽ ഇദ്ദേഹത്തിന് നേരെ പരാതി വന്നിട്ടുണ്ട്. എന്നാൽ താൻ സത്യം മാത്രമാണ് പറയുന്നതെന്ന് ശാന്തിവിള ദിനേശ് വാദിക്കുന്നു. സൂപ്പർതാരങ്ങൾക്കെതിരെ രൂക്ഷ ഭാഷയിൽ സംസാരിക്കാൻ ശാന്തിവിള ദിനേശ് ഒരിക്കലും മടിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെയെല്ലാം ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഫോൺ നമ്പർ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടതിന് പിന്നാലെയുള്ള ബുദ്ധിമുട്ടുകൾ പങ്കുവെക്കുകയാണ് സംവിധായകൻ.
ഒന്നര മണിക്കും രണ്ട് മണിക്കുമൊക്കെ എന്നെ രാത്രി വിളിക്കുന്നു. വിദേശത്ത് നിന്നും വിളിക്കുന്നവരാണെങ്കിൽ പോട്ടെന്ന് വെക്കാം. നമ്മുടെ നാട്ടിലുള്ളവരാണ്. അൽപ്പം അടിച്ചും വലിച്ചും വിളിക്കുന്നതായിരിക്കാം. നിങ്ങൾ പത്ത് മണി കഴിഞ്ഞല്ലേ ഉറങ്ങൂ, ഞങ്ങൾക്കറിയാം, എനിക്ക് ഉറക്കം വരുന്നില്ല, നമുക്കൽപ്പം സംസാരിച്ചിരിക്കാം എന്ന് പറയും. രാത്രി ഒന്നര മണിക്ക് വിളിച്ചിട്ടാണ് ഇങ്ങനെ പറയുന്നത്. കോതമംഗലത്ത് നിന്ന് എന്നെ ലാബി എന്നൊരാൾ വിളിച്ചു. പുള്ളി സിനിമയിൽ കാറോടിച്ചിരുന്നു എന്നാണ് പറയുന്നത്. സ്ഥലകാലബോധം ഒന്നുമില്ല. പുള്ളിക്ക് മമ്മൂട്ടിയുടെ നമ്പർ വേണം.

അല്ലെങ്കിൽ മമ്മൂട്ടി ഇപ്പോൾ ഏത് ലൊക്കേഷനിലുണ്ട്, ആരുടെ പടമാണ്, എത്ര ദിവസം അവിടെ കാണും എന്നെല്ലാം അറിയണം. പത്ത് പ്രാവശ്യം വിളിച്ചെങ്കിൽ പോട്ടെന്ന് വെക്കാം. നിങ്ങൾ സിനിമയിലെ ഏതെങ്കിലും പിആർഒയെ വിളിക്കൂ, അല്ലെങ്കിൽ തിരക്കുള്ള ഏതെങ്കിലും പ്രൊഡക്ഷൻ എക്സിക്യൂട്ടീവിനെ വിളിക്കൂ എന്ന് ഞാൻ പറഞ്ഞു. അവരാരും ഫോൺ എടുക്കില്ല സാറെ, സാറാകുമ്പോൾ ഫോൺ എടുക്കും എന്ന് പറയും. മമ്മൂട്ടി ഇപ്പോൾ എവിടെയുണ്ടെന്ന് അറിഞ്ഞാൽ മതിയെന്ന് പറഞ്ഞു.
ഇന്ന് ഞാൻ ദേഷ്യപ്പെട്ട് സംസാരിച്ചു. അടുത്ത ഒരാൾ വിളിച്ച് ചോദിക്കുന്നത് മഞ്ജു വാര്യർ വീണ്ടും വിവാഹം കഴിക്കുമെന്ന് പറയുന്നു, കഴിക്കുമോ, ഇവൾക്കിനി ചുമ്മാ ഇരുന്ന് കൂടെ എന്ന് ചോദിച്ചു. അവന്റെ മടിയിലിരുത്തി പേരിട്ടത് പോലെയാണ് പറയുന്നത്. ആരെങ്കിലും ഇവളെ ഇനി വിശ്വസിക്കുമോ എന്നും അയാൾ ചോദിച്ചു. ഒരുപക്ഷെ എന്നെ സുഖിപ്പിക്കാൻ കൂടിയായിരിക്കും അങ്ങനെ പറഞ്ഞത്. എനിക്ക് മഞ്ജുവിനോട് യാതൊരു വിരോധവും ഇല്ല. പക്ഷെ ഇവൻ വിചാരിച്ചിരിക്കുന്നത് മഞ്ജുവും ഞാനും ശത്രുക്കളാണെന്നാണ്. അതുകൊണ്ട് ഒന്ന് എരിവ് കയറ്റാനായിരിക്കും അങ്ങനെ പറഞ്ഞത്.

പിന്നെ ചിലരുടെ ഭീഷണിപ്പെടുത്തലാണ്. നിങ്ങൾ അഴുക്ക ചെറുക്കൻ എന്ന് പറഞ്ഞ ഷെയിൻ നിഗം കയറുന്ന കയറ്റം കണ്ടോ എന്നൊക്കെ. കയറട്ടേ, അത് സന്തോഷമുള്ള കാര്യമല്ലേ എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. അനുഭവിക്കുകയല്ലാതെ എന്ത് ചെയ്യാൻ. നമ്പറിടരുതെന്ന് എന്റെ ഭാര്യയും മകനും പറഞ്ഞതാണ്. അത് കേൾക്കാതെ നമ്പർ പരസ്യപ്പെടുത്തിയത് ഇപ്പോൾ വലിയ പാരയായെന്നും ശാന്തിവിള ദിനേശ് പറയുന്നു. ലെെറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
santhivila dinesh says some people disturb him with calls also mention manjuwarrier


































