(moviemax.in) പരസ്യലോകത്തെ ഇതിഹാസമായ പിയൂഷ് പാണ്ഡെ (70) അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയുടേത് ഉള്‍പ്പെടെ ജനപ്രിയമായ ഒട്ടേറെ പരസ്യങ്ങള്‍ ഒരുക്കിയത് പിയൂഷ് പാണ്ഡെയാണ്. പിയൂഷ് പാണ്ഡെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അനുശോചിച്ചു.
രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയാണ് അദ്ദേഹം. സഹോദരന്‍ പ്രസൂണിനൊപ്പം റേഡിയോ ജിംഗിളുകള്‍ക്ക് ശബ്ദം നല്‍കിയായിരുന്നു പരസ്യമേഖലയിലേക്കുള്ള ചുവടുവെപ്പ്. പിന്നീടിങ്ങോട്ട് ‘ഒഗില്‍വി’ എന്ന പരസ്യ ഏജന്‍സിയുടെ ഭാഗമായി ഇന്ത്യക്കാരുടെ മനസിനെ തൊട്ട നിരവധി പരസ്യങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചത്.
27-ാം വയസില്‍ 1982-ലാണ് അദ്ദേഹം ഒഗില്‍വിയില്‍ ജോലി ആരംഭിക്കുന്നത്. പിയൂഷ് പാണ്ഡെയുടെ കീഴില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയെന്ന ഖ്യാതി ഒഗില്‍വി സ്വന്തമാക്കി. ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി, ബജാജ്, പോണ്ട്‌സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ഗുജറാത്ത് ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടിയും അദ്ദേഹം പരസ്യങ്ങള്‍ ചെയ്തു.
നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച 2014-ലെ 'അബ് കി ബാര്‍ മോദി സര്‍ക്കാര്‍' (ഇത്തവണ മോദിയുടെ സര്‍ക്കാര്‍) എന്ന ക്യാമ്പെയിനിന്റെ സൂത്രധാരന്‍ പിയൂഷ് പാണ്ഡെയായിരുന്നു. ഒഗില്‍വിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനായിരിക്കെ 2023-ലാണ് അദ്ദേഹം വിരമിക്കുന്നത്. നിതാ പാണ്ഡെയാണ് ഭാര്യ.
Advertising legend Piyush Pandey (70) has passed away.




























