(moviemax.in) യുട്യൂബും സോഷ്യൽമീഡിയയും സജീവമായശേഷം ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈൻ വഴിയാണ്. പലപ്പോഴും പ്രമോഷനെന്ന വ്യാജേന സെലിബ്രിറ്റികളെ വശത്താക്കി ജനങ്ങളുടെ വിശ്വാസ്യത നേടി എടുത്താണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഇപ്പോഴിതാ നടി വീണ നായരും അത്തരത്തിൽ ഒരു പ്രമോഷന്റെ ഭാഗമായിരിക്കുന്നു. കഴിഞ്ഞ ദിവസം വീണ സ്വന്തം സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നതും വിമർശനം ഏറ്റുവാങ്ങുന്നതും.
എബണി മരത്തിന്റെ മണികൾ കൊണ്ട് തയ്യാറാക്കിയ കരുങ്ങാലി മാല സാമ്പത്തിക സമൃദ്ധിക്കും വിജയത്തിനും സഹായമാകും എന്നാണ് വീഡിയോയിൽ വീണ പറയുന്നത്. ഒരുപാട് സെലിബ്രിറ്റീസിന്റെ കയ്യിൽ നമ്മൾ കണ്ടിട്ടുണ്ട് ഇങ്ങനൊരു മാല കിടക്കുന്നത്. പലരും ചിന്തിക്കുന്നുണ്ടാകും അവർ എന്തുകൊണ്ടാണ് ഇത് ധരിച്ചിരിക്കുന്നതെന്ന്. ഞാനും കുറച്ച് നാളുകളായി ഈ മാല കയ്യിൽ ധരിക്കുന്നുണ്ട്. ചിലർ ഇത് കഴുത്തിൽ ധരിക്കും.
ധരിക്കുന്നത് എനർജിക്ക് വേണ്ടിയാണ്. നെഗറ്റീവ്, പോസിറ്റീവ് എനർജികൾ നമുക്ക് ചുറ്റുമുണ്ട്. യൂണിവേഴ്സ് തന്നെ ക്രിയേറ്റ് ചെയ്തിരിക്കുന്നത് എനർജി കൊണ്ടാണ്. നമ്മുടെ ശരീരത്തിലെ എനർജി പ്രോപ്പറാക്കി നെഗറ്റീവ് എനർജിയൊന്നും ശരീരത്തിൽ ഏൽക്കാതെ ഗ്രോത്ത് പ്രോപ്പറായി വരാനും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാനും വേണ്ടിയാണ് കരുങ്ങാലി മാല ആളുകൾ ഉപയോഗിക്കുന്നത്.
കരുങ്ങാലി മാല എന്ന പേരിൽ പല സൈറ്റിൽ ഇരുപതും മുപ്പതും രൂപയ്ക്ക് മാലകൾ വിൽക്കുന്നത് നമുക്ക് കാണാം. പക്ഷെ അതൊന്നും സർട്ടിഫൈഡ് അല്ല. സർട്ടിഫൈഡായിട്ടുള്ള കരിങ്ങാലി മാല നിങ്ങൾ ധരിച്ചാൽ അതിന്റേതായ എനർജി കിട്ടും.
കരുങ്ങാലി മാല എന്നത് കരുങ്ങാലി (എബണി) മരത്തിന്റെ മണികൾ കൊണ്ടുള്ള ഒരു മാലയാണ്. ഇത് ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് തമിഴർ ധരിക്കുന്നുണ്ട്. നെഗറ്റീവ് ഊർജ്ജത്തിൽ നിന്ന് സംരക്ഷണം നൽകാനും ഐശ്വര്യവും മനസമാധാനവും കൊണ്ടുവരാനും ധരിക്കുന്ന ഒന്നാണ് ഇത്. ഈ മാലയുടെ പ്രധാന ഗുണങ്ങൾ സാമ്പത്തിക സമൃദ്ധി, ജോലിസ്ഥലത്തും ബിസിനസിലും വിജയം, ഭയം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുക, ഉറക്കം മെച്ചപ്പെടുത്തുക എന്നിവയാണ് എന്നും വീണ പറയുന്നു.
മാല പർച്ചേസ് ചെയ്യാനുള്ള ഫോൺ നമ്പറും വീണ വീഡിയോയ്ക്ക് ഒപ്പം നൽകിയിട്ടുണ്ട്. ഇതൊക്കെ നിഷ്കളങ്കമായ തട്ടിപ്പാണെന്ന് തോന്നുമെങ്കിലും പക്ഷെ വന്ന് കുമിയുന്നത് കോടികളാണെന്ന് വീണ വിമർശിച്ച് എത്തിയ മല്ലു അനലിസ്റ്റ് എന്ന സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ പറഞ്ഞു. ഇതൊരു നിഷ്കളങ്കമായിട്ടുള്ള തട്ടിപ്പാണെന്ന് കേൾക്കുമ്പോൾ തോന്നും.
പക്ഷെ ഇത് അത്ര നിഷ്കളങ്കമായ തട്ടിപ്പല്ല. ജീവിതത്തിൽ പെട്ട് നിൽക്കുന്ന ആളുകളാകും ഇങ്ങനെയുള്ള തട്ടിപ്പുകളിൽ ചെന്ന് വീഴുക. ഇതൊരു സർട്ടിഫൈഡ് സാധനമാണെന്ന് പ്രത്യേകം പറയുന്നത് കൊണ്ട് അതിന് അത്യാവശ്യം നല്ല വിലയുണ്ടായിരിക്കും. അതോടെ ആ തട്ടിപ്പിൽപെട്ട് മാല വാങ്ങുന്നവരുടെ പൈസ പോയി കിട്ടും. അത്തരത്തിൽ ആയിര കണക്കിന് ആളുകൾ ഈ മാല വാങ്ങിയാൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാകും നടക്കുക.
അന്ധവിശ്വാസി ആയിരിക്കുക എന്നത‍് ഓരോരുത്തരുടെ പേഴ്സണൽ ചോയ്സാണ്. പക്ഷെ ആ അന്ധവിശ്വാസം വിറ്റ് പാവങ്ങളെ പിഴിഞ്ഞ് കാശുണ്ടാക്കുക എന്നത് വലിയൊരു തെറ്റ് തന്നെയാണ്. സയൻസിൽ വലിയ പിടിയില്ലാത്ത ആളുകൾ ഇങ്ങനെ പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി എന്നൊക്കെ പറഞ്ഞ് വന്നാൽ അപ്പോൾ ഊഹിച്ചോണം വലിയൊരു തട്ടിപ്പ് വരുന്നുണ്ടെന്ന്.
പിന്നെ സർട്ടിഫൈഡ് മാല എന്നൊക്കെ പ്രത്യേകം പറയുന്നുണ്ടല്ലോ. ഏത് കോമാളിയാണ് ഇതൊക്കെ സർട്ടിഫൈ ചെയ്ത് വിടുന്നത് എന്നായിരുന്നു മല്ലു അനലിസ്റ്റ് വിമർശിച്ച് പറഞ്ഞത്. ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം പ്രമോഷൻ വീഡിയോകൾ ചെയ്തതിന് ഫോളോവേഴ്സും വീണ നായരെ വിമർശിച്ചു. വീണയെ ഇഷ്ടമായിരുന്നു. പക്ഷെ ഇങ്ങനുള്ള ഉടായിപ്പുമായി വന്നപ്പോൾ ഇഷ്ടം പോയി, മാല കഴുത്തിൽ അണിഞ്ഞതുകൊണ്ട് എനർജി വരികയില്ല. എനർജി നമ്മൾ സ്വയം ഉണ്ടാക്കുന്നതാണ്, വീണ ഇത് ഒരെണ്ണം നേരത്തെ വാങ്ങി ധരിച്ചിരുന്നെങ്കിൽ ദാമ്പത്യം തകരില്ലായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
veenanair facing criticism from social media for promoting karungali mala