(moviemax.in) നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2025 ഒക്ടോബർ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്‌നും, ആൻ അഗസ്റ്റിനും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും രണ്ടു ദിവസം മുൻപ് നടന്നു. അതിന് ശേഷം പുറത്തു വന്ന ചിത്രത്തിലെ പ്രോമോ ഗാനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ജേക്‌സ് ബിജോയ് സംഗീതം നൽകിയ ‘ നിലഗമനം‘ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്.
Navya Nair-Soubin Shahir-Ratheena film completes censoring and is gearing up for release

































