(moviemax.in) സൈബർ ബുള്ളിയിങ്ങിന്റെ ഏറ്റവും ഭയാനകമായ വേർഷൻ വരെ അനുഭവിച്ചിട്ടുള്ള രണ്ടുപേരാണ് മഞ്ജു പത്രോസും രേണു സുധിയും. തുടക്കത്തിൽ ബോഡി ഷെയ്മിങും ആക്ഷേപവും അശ്ലീല കമന്റുകളും തളർത്തിയെങ്കിലും ഇരുവരും ശക്തമായി ഉയർത്തെഴുന്നേറ്റു. ഇപ്പോഴിതാ ഇരുവരുടേയും ഇതുവരെയുള്ള ജീവിത യാത്രയെ കുറിച്ച് ആലപ്പി അഷ്റഫ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. എല്ലാ വാക്കുകളും അളന്ന് മുറിച്ച് പറയുവാൻ നമുക്ക് കഴിയുകയില്ല.
പക്ഷെ ആരെയും അപമാനിക്കാതെയും അപകീർത്തിപ്പെടുത്താതെയും സംസാരിക്കാൻ നമുക്ക് കഴിയും. ആനന്ദപൂർണ്ണമായും ആർദ്രതയോടെയും നമുക്ക് സംസാരിക്കാൻ സാധിക്കും. വീണ്ടുവിജാരമില്ലാതെ എടുത്ത് എറിയുന്ന വാക്കുകൾക്ക് മൂർച്ച കൂടിയാൽ അത് കേൾക്കുന്നവർക്ക് പൊറുക്കാനെ കഴിയൂ മറക്കാൻ കഴിയില്ല.
ചില വാക്കുകളുടെ മൂർച്ചയിൽ ഒരുവേള ഹൃദയ വേദനയോടെ പിടിഞ്ഞ കലാകാരി മഞ്ജു പത്രോസും ഇപ്പോൾ അവഹേളനങ്ങൾ ഏറ്റുവാങ്ങി ജീവിതത്തെ സധൈര്യം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുചെല്ലാമെന്ന് പറഞ്ഞുകൊണ്ടാണ് അഷ്റഫ് സംസാരിച്ച് തുടങ്ങുന്നത്. വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് സീരിയലിലും സിനിമകളിലും മറ്റും തന്റേതായ കഴിവ് തെളിയിച്ച് ജീവിത വിജയം നേടിയ കലാകാരിയാണ് മഞ്ജു പത്രോസ്.
ബിഗ് ബോസിൽ പങ്കെടുത്തശേഷം അവിടുത്തെ പ്രകടനത്തിന്റെ പേരിൽ അവർക്ക് അൽപ്പം ഡാമേജുകൾ സംഭവിച്ചുവെങ്കിലും പിന്നീട് അതെല്ലാം അവർ മാറ്റിയെടുക്കുകയും സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താൻ അത് വഴിയൊരുക്കുകയും ചെയ്തു. എന്നിരുന്നാലും അവരെ പിറകെ നടന്ന് വേട്ടയാടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്.
എന്നാൽ ഇതൊന്നും കേട്ട് മൂലയിൽ ഇരിക്കാൻ മഞ്ജു തയ്യാറായില്ല. അവർ ഇപ്പോഴും നല്ല രീതിയിൽ കലാരംഗത്ത് ശോഭിച്ച് നിൽക്കുന്നു. ജീവിതം കൈവിട്ട് പോകാൻ പോകുന്നുവെന്ന് അറിഞ്ഞ നിമിഷത്തിൽ അത് കെട്ടിപടുക്കാനായി അഹോരാത്രം ഓടിയ സ്ത്രീയാണ് താനെന്നാണ് ഒരിക്കൽ മഞ്ജു പറഞ്ഞത്. അവരുടെ ഈ വാക്കുകളിൽ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന നിസ്സഹായയായ നിരാലംബയായ ഒരു സ്ത്രീയുടെ വേദനയും കണ്ണുനീരും ഒളിഞ്ഞിരിപ്പുണ്ട്.
അത് നമ്മൾ കാണാതെ പോകരുത്. പണമില്ലാതെ ഗത്യന്തരമില്ലാതെ വന്നപ്പോൾ കിഡ്നി വിൽക്കാൻ പോലും തീരുമാനിച്ച സ്ത്രീയാണ്. തന്റെ മകനേയും മാതാപിതാക്കളേയും ഓർത്താണ് അവർ അതിൽ നിന്നും പിന്മാറിയത്. മഞ്ജു പത്രോസിന് എതിരെയുള്ള അധിക്ഷേപങ്ങൾക്ക് ഇടവേള വന്നപ്പോൾ അടുത്ത ഇര രേണു സുധിയായി മാറി.
രേണു സുധിയുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കാൻ സദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു. മഞ്ജു പത്രോസിന്റെ കാര്യമെടുത്താലും രേണു സുധിയുടെ കാര്യമെടുത്താലും പ്രശ്നങ്ങളുടെ ആരംഭം പണമില്ലായ്മ തന്നെയാണ്. ഇവർ കോടീശ്വരികളായിരുന്നുവെങ്കിൽ ഇവരെ കുറിച്ച് ഇത്തരം അനാവശ്യ വിവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാൻ ആരും മുതിരില്ലായിരുന്നു.
ഈ സമയത്ത് കലാഭവൻ മണി പറഞ്ഞ ഒരു കാര്യം ഓർത്ത് പോവുകയാണ്. ഞാൻ ഒരു ബെർമൂഡ ഇട്ടപ്പോൾ അത് അണ്ടർവെയറും പണമുള്ള ഒരുത്തൻ അണ്ടർവെയർ ഇട്ടപ്പോൾ അത് ബെർമുഡയുമായി സ്വീകാര്യതയുമായിയെന്ന്. ഈ പ്രവണതയാണ് ഇവരുടെ കാര്യത്തിലും അരങ്ങേറി കൊണ്ടിരിക്കുന്നത്. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് എല്ലാത്തിന്റെയും അടിസ്ഥാന പ്രശ്നം പണം തന്നെയാണ്. പണ്ട് ആരാണ്ട് പറഞ്ഞതുപോലെ പണമില്ലാത്തവൻ പിണം തന്നെയാണ്.
ഒരുപാട് കഷ്ടപ്പാടിലൂടെയും ബുദ്ധിമുട്ടിലൂടെയും പൊരുതി നേടിയതാണ് ഇന്ന് മഞ്ജു പത്രോസ് അംഗീകാരവും ജീവിതത്തിലെ സാമ്പത്തിക ഭദ്രതയും. നാളെ ഒരിക്കൽ നല്ല ജീവിത നിലവാരം പുലർത്തി ഉന്നതിയിലേക്ക് കുതിക്കാൻ രേണുവിനും സാധിക്കട്ടെ. അവരേയും തള്ളിപ്പറഞ്ഞവർ അംഗീകരിക്കുന്ന കാലം സംജാതമാകട്ടെ എന്ന് പറഞ്ഞാണ് അഷ്റഫ് വീഡിയോ അവസാനിപ്പിച്ചത്. കൺവെൻഷണൽ അമ്മവന്മാരാണ് മഞ്ജുവിനോടും രേണുവിനോടും വെറുപ്പ് കാണിക്കുന്നതെന്നും അഷ്റഫിന്റെ വാക്കുകൾ കേട്ടെങ്കിലും കുറെ പേരുടെയെങ്കിലും ദുഷ് ചിന്തകൾ മാറട്ടെ എന്നാണ് പ്രത്യക്ഷപ്പെട്ട കമന്റുകൾ.
'Moral brothers are waiting with oil in their eyes to look after Renu, the beginning of all problems is lack of money' - Manju Patrose