( moviemax.in) നടൻ മോഹൻലാലിനൊപ്പം ഒരുപാട് സിനിമകളിലും പ്രോഗ്രാമുകളിലും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുള്ള ദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള സീരിയസ് മുഖമല്ല സെറ്റിൽ വരുമ്പോൾ മോഹൻലാലിനെന്നും ഭയത്തോടെയാണ് ആളുക്കൂട്ടത്തിലേക്ക് അദ്ദേഹം പോകുന്നതെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും പറഞ്ഞു. യോദ്ധയിൽ മോഹൻലാലിന്റെ സഹോദരി വേഷം ചെയ്തശേഷമാണ് അഭിനേത്രി എന്ന നിലയിൽ സിനിമാപ്രേമികൾ ബീന ആന്റണിയെ ശ്രദ്ധിച്ച് തുടങ്ങിയത്.
മിസ്റ്റർ ഫ്രോഡിലാണ് മനോജ് മോഹൻലാലിനൊപ്പം അഭിനയിച്ചത്. മോഹൻലാലിന്റെ അമ്മയുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് മനോജ്. യോദ്ധയിൽ അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെ അടുത്ത് നിൽക്കാൻ പോലും എനിക്ക് ഭയമായിരുന്നു. അവരൊക്കെ വലിയ വലിയ ആർട്ടിസ്റ്റുകളല്ലേ. ലാലേട്ടന്റെ പ്ലേറ്റിൽ നിന്നും എടുത്ത് കഴിക്കുന്ന സീനൊക്കെയുണ്ട്. അത് ചെയ്യാൻ എനിക്ക് ഭയമായിരുന്നു. എന്റെ പേടി കണ്ട് ലാലേട്ടൻ തന്നെയാണ് ആ സീൻ ചെയ്യാൻ ധൈര്യം തന്നത്. ക്യാരക്ടർ ചെയ്യേണ്ടതല്ലേ... അതുകൊണ്ട് ഞാൻ ഒന്നും ചെയ്യില്ല. എടുത്ത് കഴിക്കാൻ പറഞ്ഞു ലാലേട്ടൻ. നമ്മളെ പേടിപ്പിക്കില്ല.
എല്ലാവരേയും നന്നായി കംഫേർട്ടാക്കി വെക്കും അദ്ദേഹം ബീന ആന്റണി പറഞ്ഞു. ലാലേട്ടൻ എപ്പോഴും ഭയങ്കര ജോളിയാണ്. ആരെയും പേടിപ്പിക്കാനൊന്നും അദ്ദേഹത്തിന് അറിയില്ല. ആൾക്കൂട്ടത്തിൽപ്പെടുമ്പോഴാണ് ലാലേട്ടൻ സീരിയസായി പെരുമാറുന്നത്. പുള്ളിക്ക് ആൾക്കൂട്ടം ഭയമാണ്. ആളുകൾ എങ്ങനെയാകും പെരുമാറുകയെന്ന് അറിയില്ലല്ലോ. അടുത്തിടെ പുള്ളിയുടെ കണ്ണിൽ മൈക്ക് കൊണ്ട സംഭവമുണ്ടായില്ലേ..?.
അതുപോലെ അപ്പുറത്ത് നിന്നും ഇപ്പുറത്ത് നിന്നും വല്ല ഇടിയോ മറ്റോ വരുമോയെന്ന് ഭയമാണ് അദ്ദേഹത്തിന്. അറ്റാക്ക് വരുമോയെന്ന ഭയമാണ്. അതേസമയം സെറ്റിലേക്ക് വരുന്ന ലാലേട്ടൻ വളരെ ഡിഫ്രന്റാണ്. ഒരു കുടുംബത്തിലേക്ക് വരുന്നത് പോലെയാണ് പെരുമാറുക. അകലെ നിന്ന് നമ്മളെ കണ്ടാൽ തന്നെ കൈവീശി കാണിക്കും. പുള്ളിക്ക് ഞാൻ പണ്ടൊരു കൃഷ്ണന്റെ രൂപം കൊടുത്തിരുന്നു. ലാലേട്ടന്റെ അമ്മ സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ അമ്മയുമായി എനിക്ക് ഭയങ്കര അടുപ്പമുണ്ട്.
അതുകൊണ്ട് തന്നെ സുഖമില്ലാതെ അമൃതയിൽ ചികിത്സയിലായിരുന്നപ്പോൾ കാണാൻ പോയി. പക്ഷെ അമ്മയെ കാണാൻ പറ്റില്ല. ഐസിയുവിലായിരുന്നു. ലാലേട്ടൻ അവിടെ ഇരിപ്പുണ്ടായിരുന്നു. ഞാൻ എപ്പോഴും എന്റെ കൈയ്യിൽ കൊണ്ട് നടന്നിരുന്ന കൃഷ്ണന്റെ ഒരു ചെറിയ വിഗ്രഹം ഉണ്ടായിരുന്നു.
അമ്മയുടെ അരികിൽ ഇത് വെക്കണമെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ വിഗ്രഹം ഏൽപ്പിച്ചു. പ്രസാദം വാങ്ങുന്നത് പോലെ സന്തോഷത്തോടെ അദ്ദേഹം അത് വാങ്ങി. അതിനുശേഷം പിന്നീട് കുറേ നാളുകൾക്കുശേഷം കണ്ടപ്പോൾ ഞങ്ങളോട് പറഞ്ഞു.... അമ്മയുടെ അടുത്ത് ആ വിഗ്രഹം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്. അങ്ങനൊരു വ്യക്തിത്വമാണ് മോഹൻലാലെന്നും മനോജ് പറയുന്നു. പിതാവിനേയും ജേഷ്ഠനേയും നഷ്ടപ്പെട്ട താരത്തിന് അമ്മ മാത്രമേയുള്ളു.
ചെറിയ ഇടവേള കിട്ടിയാൽ പോലും അമ്മയെ കാണാൻ ലാൽ ഓടി എത്തും. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ് നടന്റെ കണ്ണുകൾ നിറയാറുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അമ്മ സ്ട്രോക്ക് വന്ന് തളർന്ന് പോകുന്നത്. ഇപ്പോൾ വീൽ ചെയറിലാണ്. സംസാരിക്കാനും കഴിയില്ല. അമ്മയ്ക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും താൻ പറയുന്നത് കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്നയാളാണെന്ന് നടൻ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുമ്പ് കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ച് അമ്മയുടെ പിറന്നാൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം നടൻ ആഘോഷിച്ചിരുന്നു. വീൽചെയറിൽ ഇരിക്കുന്ന അമ്മയുടെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു.
beenaantony and husband manoj openup about their personal experience with actor mohanlal