(moviemax.in) ഇക്കഴിഞ്ഞ തിരുവോണത്തിന് മുല്ലപ്പൂ കൈവശം വെച്ച് ഫ്ലൈറ്റിൽ യാത്ര ചെയ്തതിന് ഒരു മുട്ടൻ പണി നടി നവ്യ നായർക്ക് കിട്ടിയിരുന്നു. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുല്ലപ്പൂവ് ചൂടി ചെന്ന് ഇറങ്ങിയതിന്റെ പേരിൽ ഒന്നേകാൽ ലക്ഷം രൂപയാണ് ഫൈൻ കിട്ടിയത്. നടിക്ക് ഫൈൻ കിട്ടി എന്നല്ലാതെ അന്ന് നടന്ന സംഭവം എന്താണെന്നത് ആരോടും താരം പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ ഫൈൻ കിട്ടാനുള്ള കാരണം സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ നടി പങ്കുവെച്ചിരിക്കുകയാണ്.
ഫൈൻ അടിച്ച് കിട്ടിയപ്പോൾ ചെവിയിലൂടെ പുക പോകുന്ന ഫീലായിരുന്നുവെന്ന് നവ്യ പറയുന്നു. മുല്ലപ്പൂ നായർ എന്നാണ് മോൻ എന്നെ ഇപ്പോൾ വിളിക്കുന്നത്. വളരെ മുന്നേ ഏറ്റ പരിപാടിക്ക് വേണ്ടിയാണ് ഓസ്ട്രേലിയയ്ക്ക് പോയത്. പ്രോഗ്രാമിന് എഗ്രി ചെയ്തപ്പോൾ അന്ന് തിരുവോണ ദിവസമാണെന്ന് കരുതിയില്ല. സെപ്റ്റംബർ അഞ്ചെന്ന തിയ്യതി അവർ പറഞ്ഞു ഞാനും ഓക്കെ പറഞ്ഞു. അഡ്വാൻസും വാങ്ങി.
പിന്നീടാണ് അന്ന് തിരുവോണമാണെന്ന് മനസിലാക്കിയത്. അതുകൊണ്ട് തന്നെ തിരുവോണം ഫ്ലൈറ്റിലാണ്. സദ്യ എനിക്ക് ഒരു വീക്ക്നെസ്സാണ്. പക്ഷെ അന്നേ ദിവസം ഫ്ലൈറ്റിലായിരിക്കും. എന്നാലും കുഴപ്പമില്ല ഒന്ന് ആഘോഷിച്ചേക്കാമെന്ന് കരുതി സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പുവൊക്കെ ചൂടി റെഡിയായി. ഫ്ലൈറ്റിറങ്ങുമ്പോഴും മുല്ലപ്പൂ ഫ്രെഷായി ഇരിക്കാനായി ഒരു മുഴം ബാഗിലും സൂക്ഷിച്ചു. അച്ഛനാണ് തലേദിവസം മുല്ലപ്പൂ വാങ്ങിക്കൊണ്ട് വന്നത്.
അത് ഞാൻ ചൂടാതെ പോയാൽ അച്ഛന് വിഷമമാകുമെന്ന് അമ്മ പറയുകയും ചെയ്തു. അങ്ങനെ ഫ്ലൈറ്റിൽ കയറി. സിംഗപ്പൂർ എയർലൈൻസ് ആയിരുന്നു. സ്റ്റാഫെല്ലാം വന്ന് എനിക്കൊപ്പം ഫോട്ടോയെടുത്തു. എന്റെ കൂടെ ആര്യയുമുണ്ട്. ഞാൻ വന്നശേഷമാണ് അവൾ വന്നത്. ബിസിനസ് ക്ലാസ് മുഴുവൻ ചേച്ചിയുടെ മുല്ലപ്പൂവിന്റെ മണമാണെന്ന് കൂടി പറഞ്ഞതോടെ മുല്ലപ്പൂവ് കൊണ്ടുവന്ന എന്നിൽ ഞാൻ സംതൃപ്തയായി ഉൾപുളകം കൊണ്ടു. അങ്ങനെ ഞാൻ മെൽബണിൽ ചെന്ന് ഇറങ്ങി.
അവർ എനിക്ക് ഡിക്ലറേഷൻ കാർഡ് തന്നു. അവര്‍ കയ്യില്‍ കരുതിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന കൂട്ടത്തിൽ ചെടികളെക്കുറിച്ച് ചോദിക്കുന്നുണ്ട്. പാട്സ് ഓഫ് പ്ലാന്റ്... എന്റെ മനസില്‍ കഞ്ചാവിന്റെ ചെടിയൊക്കെയാണ്. എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ. എല്ലാത്തിനും നോ കൊടുത്തു. നമ്മള്‍ എന്തെങ്കിലും ഒളിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് ചോദിക്കുന്നതെന്നാണ് എന്റെ മനസില്‍. മുല്ലപ്പൂ എന്റെ തലയിലല്ലേ. ഞാനിത് മറച്ചുവച്ചിട്ടൊന്നുമില്ലല്ലോ.
നമ്മള്‍ രഹസ്യമൊന്നും പറയുന്നില്ല. മുല്ലപ്പൂവിന്റെ കാര്യം ഞാന്‍ മറന്നും പോയി. ചെന്നിറങ്ങുമ്പോഴേക്കും മലയാളി മങ്കയായി ഇറങ്ങുന്നതിനേക്കാൾ കൂടുതലൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ചെന്നിറങ്ങിയപ്പോള്‍ ഒരു പ്രത്യേക ലൈനിലൂടെ പോകാന്‍ പറഞ്ഞു. ഞാനും ആര്യയും ചെന്നു. ചുവന്ന കാര്‍പ്പറ്റ് വിരിച്ചിട്ടുണ്ട്. സ്റ്റൈലില്‍ നടന്നു. പെട്ടെന്ന് നില്‍ക്കാന്‍ പറഞ്ഞു. ഒരു സ്‌നിഫര്‍ ഡോഗ് വന്നു. ഞാന്‍ ചെറുതായി പേടിച്ചു. അത് വന്ന് എന്റെ ബാഗിന്റെ അടുത്ത് വന്നു നിന്നു.
എന്റെ ഹാന്റ് ബാഗാണ് പ്രശ്‌നം. അവരതെടുത്തു വെച്ചു. കുറേ ചോദ്യങ്ങള്‍ ചോദിച്ചു. ഞാന്‍ ചെറുതായൊന്ന് പേടിച്ചു. അവര്‍ ബാഗ് മുഴുവന്‍ തപ്പി. ബാഗില്‍ ഒന്നുമില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ തിരിഞ്ഞു നില്‍ക്കാന്‍ പറഞ്ഞു. തലയില്‍ വെച്ച പൂവ് അഴിക്കാന്‍ പറഞ്ഞു. ഇതെന്താണ് എന്ന് ചോദിച്ചു. ജാസ്മിന്‍ ഫ്‌ളവര്‍ ഫ്രം കേരള... വിത്ത് ഔട്ട് മുല്ലപ്പൂ നത്തിങ് ഈസ് പോസിബിൾ. ഐ ആം വെയറിങ് കേരള സാരി. ഓണം വെരി ഇംപോർട്ടന്റ് ഫെസ്റ്റിവൽ ഇൻ കേരള എന്നൊക്കെ ഞാന്‍ പറഞ്ഞു.
ഉടനെ അവർ അടിച്ച് തന്നു 1890 ഡോളർ ഫൈൻ. ഫോണെടുത്ത് ഗുണിച്ച് നോക്കാന്‍ പോയപ്പോള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞു. മനസില്‍ ഗുണിക്കാലോ.... നോക്കിയപ്പോൾ ഒന്നേകാല്‍ ലക്ഷം രൂപ. പിന്നെ കുറച്ച് നേരത്തേക്ക് ചെവിയിൽ നിന്ന് പുക പോകുന്ന ഫീലായിരുന്നു. പിന്നെ പുരുഷു എന്ന അനുഗ്രഹിക്കണമെന്ന രീതിയിൽ കുറേ കരഞ്ഞ് പറഞ്ഞ് നോക്കി. പട്ടിയുടെ വിലയായിരുന്നു. മൈന്റ് ചെയ്തില്ല. പൈസ അടച്ചിട്ടില്ല.
പരാതി പോലെ മെയില്‍ അയക്കാന്‍ പറഞ്ഞിട്ടുണ്ട്. അയച്ചു... ഇതുവരെ അനക്കമൊന്നുമില്ല. ഇനി ഇപ്പോൾ അവിടേക്ക് പോകുമ്പോൾ ഡ്രസ്സ് പോലും കൊണ്ടുപോകുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും നവ്യ പറയുന്നു.
navyanair revealed the incident of being fined rs 1.5 lakh for carrying jasmine flower